Saturday, 25 July 2009

കൂട്ടുകാരന്‍
കടല്‍കരയിലെ നനഞ്ഞമണ്ണില്‍ നീണ്ടുമെലിഞ്ഞ വിരലുകൊണ്ട് വെറുതെ കോറിവരച്ച് അവള്‍ അവനെ തന്നെ നോക്കിയിരുന്നു...

"എന്തെങ്കിലും പറയൂ ആനന്ദ്... അല്‍പം സമാശ്വാസ വാക്കുകളെങ്കിലും..."

എന്ത് പറയണമെന്നറിയാതെ നിസ്സഹായ ഭാവത്തോടെ ഇരിക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളു... അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രാരാപ്തങ്ങള്‍ക്കിടയിലൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് എങിനെയാണെന്ന്‌ അവളോട് പറഞ്ഞ് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല...

ദീര്‍ഘമായ മൌനങ്ങള്‍ക്കും നിശ്വാസങ്ങള്‍ക്കുമിടയില്‍ അവള്‍ തന്റെ മനസ്സുപോലെ പ്രക്ഷുബ്ധമായ കടലിലേക്ക് നോക്കി... മോഹഭംഗം കൊണ്ട് തന്നെയാവാം കടല്‍കരയില്‍ തിരമാലകള്‍ തലതല്ലി മരിക്കുന്നത് എന്നവള്‍ക്ക് തോന്നി...

പിരിയുന്നതിനു മുന്‍പ് അവസാനമായി അവളുണര്‍ത്തിച്ച ആഗ്രഹം വളരെ വിഷമം നിറഞ്ഞതും അതിലുപരി ഉത്തരവദിത്വമേറിയതുമായിരുന്നു...
"നിങ്ങള്‍ പലപ്പോഴും ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു"... എന്ന്‌ പതിവായി കുറ്റപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ അവളെയും ഉള്‍പ്പെടുത്താന്‍ അയാള്‍ക്ക് കഴിയാത്തത് കൊണ്ട് ആ ആഗ്രഹത്തിന്‌ അയാള്‍ വഴങ്ങി...
അന്ന്‌... രാത്രിയുടെ മൂന്നാം യാമത്തിലായിരുന്നു അവളുടെ ആഗ്രഹപ്രകാരമുള്ള അവരുടെ സമാഗമം... ലഹരിയെ കുറിച്ചുള്ള ആരുടെയോ മധുരശബ്ദത്തിലുള്ള വരികള്‍ അരണ്ട വെളിച്ചമുള്ള അവളുടെ മുറിയില്‍ നിറഞ്ഞു... നവോന്മേഷത്തിന്റെ ലഹരി അയാളുടെ സിരകളിലൂടെ പടര്‍ന്ന്‌ അവളിലേക്ക് ലയിച്ചു...അയാളുടെ മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ച് കൊണ്ട് അവള്‍ പറഞ്ഞു ..."ആനന്ദ്... ഈ രാത്രി പുലരാതിരുന്നെങ്കില്‍...!"
പുറത്ത് അവിഹിത ബന്ധമറിഞ്ഞതിന്റെ ബഹളം.... ആഗ്രഹപൂര്‍ത്തീകരണത്തിന്റെ നിര്‍വൃതിയിലാവാം അവള്‍ മന്ദഹസിക്കുക മാത്രം ചെയ്തു... അയാള്‍ ഒരു ഭീരുവിനെ പോലെ കട്ടപിടിച്ച് കിടക്കുന്ന ഇരുട്ടിലേക്ക് ഇറങ്ങി നടന്നു..
നടത്തം ക്രമേണ കാലങ്ങളില്‍ നിന്ന്‌ കാലങ്ങളിലേക്കുള്ള പ്രയാണമായിരുന്നു... ഒരു തീവണ്ടിയെ പോലെ സമാന്തരങ്ങളായ പാളങ്ങള്‍ക്ക് മുകളിലൂടെ കിതച്ചും ചൂളം വിളിച്ചും കൊണ്‍ടുള്ള യാത്ര...യാത്രയില്‍ ഒരു ആള്‍ തിരക്കേറിയ നഗരത്തില്‍ വെച്ച് അയാളവളെ കണ്ട് മുട്ടി... കയ്യില്‍ അയാളുടെ രൂപസാദൃശ്യമുള്ള കുഞുമായി അവള്‍... അപരിചിതത്വം വഴിയൊഴിഞ്ഞ നിമിഷത്തില്‍ അയാളെ ചൂണ്ടി കാണിച്ച് കൊണ്ട് അവള്‍ കുട്ടിയോട് ചോദിച്ചു...
" മോനെ, ഇതാരെന്നു അറിയുമോ..?"
"അച്ഛന്‍" എന്നു പറഞ്ഞു കൊടുക്കുമായിരിക്കും...അയാളുടെ മനസ്സ് അടുത്ത വാക്കറിയാനായ് കൊതിച്ചു..
കുട്ടി അറിയില്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി..."
അമ്മേടെ പഴയ ഒരു കളികൂട്ടുകാരനാണ്‌..." അവള്‍ പരിഹാസ ചിരിയോടെ പറഞ്ഞു...
എന്ത് പറയണമെന്നറിയാതെ അയാള്‍ മിഴിച്ച് നില്‍ക്കുമ്പോള്‍ നഗരത്തിലെ തിരക്കിലെവിടെയോ കുട്ടിയും അവളും മറഞ്ഞിരുന്നു....

Saturday, 21 February 2009

ജ്യോതിർഗമയ


വേലപ്പനെ അറിയാത്തവരായി എന്റെ നാട്ടിൽ ആരും ഉണ്ടാവുകയില്ല... കപ്ലേങ്ങാട്ടെ ഭരണിക്ക്‌ ഒറ്റക്കാളയെയും എഴുന്നെള്ളിച്ച്‌ വാദ്യമേളങ്ങളില്ലാതെ ചവിട്ടുറക്കാത്ത നൃത്തചുവടുകളോടെയുള്ള വരവ്‌ കാണേണ്ട കാഴ്ച തന്നെയാണ്‌. തിറകളുടെ തലയെടുപ്പ്‌ ഒറ്റക്കാളയ്ക്ക്‌ മുന്നിൽ പൊലിഞ്ഞു പോകുമോ എന്ന് തോന്നിപ്പോകും... കപ്ലേങ്ങാട്ടമ്മയെ കുറിച്ച്‌ ചോദിച്ചാൽ നൂറുനാവാണ്‌ വേലപ്പന്‌... കുഞ്ഞുനാളിൽ എന്റെ ഉമ്മയോട്‌ പലതവണ പറയുന്നത്‌ കേട്ടിട്ടുള്ളതാണ്‌...
"പൊന്നാരെന്റെ ഉമ്മാരെ... വിളിച്ചാവിളിപ്പൊറത്ത്‌ വര്‌ണ ഒരു സക്തിയൊണ്ടെങ്കി... അത്‌ കപ്ലേങ്ങാട്ടമ്മന്നേണ്‌ട്ടാ...! അദൊറപ്പാ... എന്തിന്‌ പറ്യേണു ഒരു മുസ്ല്യാരല്ലെ അമ്മേനവിടെ പ്രതിസ്ട്ടിച്ചേ... അയ്‌ലും വല്ല്യൊരു രസം കേക്കണോ... ഒരു ഓസാൻ വെട്ടിയ മുട്യൊക്കെ വാരിക്കെട്ടി അമ്പലത്തിന്റെ മുന്നീത്തെ പാടത്ത്ക്ക്‌ ഇദമ്മക്കിരിക്കട്ടേന്നും പറഞ്ഞൊരേറ്‌ കൊടുത്തിട്ട്‌... കുടുമ്മത്ത്‌ എത്ത്‌ണങ്കാട്ട്യും മുന്നെ തൊടങ്ങില്ലെ ചോര സർദിക്കല്‌... മൂന്നീസാ കെടന്നൊള്ളൊ...! മൂന്നിന്റന്ന് മരിച്ച വെവരം പള്ളീലെ മുക്രി കൊയലീക്കൂടെ വിളിച്ച്‌ പറ്യേണതാ കേട്ടത്‌..."
ചെറുപ്പത്തിൽ ചാണകം മെഴുകിയ മുറ്റത്ത്‌ പുഞ്ച കൊയ്ത്‌ കറ്റകൾ അടക്കിവെക്കുമ്പോഴും കറ്റമെതിക്കുമ്പോഴും പശുവിന്ന് വേണ്ടി വൈക്കോൽ ഉണ്ടയിടുമ്പോഴും ഒരുപാട്‌ കഥകൾ പറഞ്ഞ്‌ തന്നിട്ടുണ്ട്‌ വേലപ്പൻ... പറയുന്ന കഥയിലെ ലോകവും മനുഷ്യരുമെല്ലാം എന്നും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങളായി നിലകൊണ്ടു... പക്ഷെ വല്ല്യുപ്പ മാത്രം തന്നെ ചതിയിൽ കുടുക്കി പറ്റിച്ച മനുഷ്യരെക്കുറിച്ച്‌ പറയുന്നത്‌ കേട്ട്‌ ഞാനൊരിക്കൽ വല്ലുപ്പാട്‌ ചോദിച്ചു...
"അപ്പൊ വേലപ്പൻ പറ്യേണതോ.?"
"ഹെന്ത്‌""മൻസന്മാര്‌ ആരേം ചതിക്കൂലാന്ന്... ചതിക്കുന്നതും വഴിതെറ്റിക്കുന്നതും ശെയ്ത്താനും പൊട്ടിയുമാണെന്ന്..."
"ഓൻക്ക്ണ്ടാ വല്ല ലോകോം... ഓൻണ്ടാ മൻസന്മാരെ കണ്ടക്കണു...വെറുമൊരു പൊട്ടക്കൊളത്തിലെ തവള... കൊച്ചനൂരിന്റേം അകലാട്‌ കടലിന്റേം അപ്പറം ലോകല്ലാന്നല്ലെ ഓന്റെ വിചാരം..." പൊരുളറിയാത്ത വിശദീകരണം കേട്ട്‌ ഞാൻ മിഴിച്ച്‌ നോക്കുമ്പോൾ വീശാമ്പാളകൊണ്ട്‌ ഒരുകുസൃതിചിരിയോടെ വല്ല്യുപ്പ വീശികൊണ്ടിരുന്നു... അന്നൊക്കെ വലുതാവുമ്പോൾ വല്ല്യുപ്പാടെ പോലെ ആയാൽ മതിയെന്ന് ആശിച്ചിട്ടുണ്ട്‌, ആരെയും പേടിക്കാതെ ചീത്ത പറയാനും അനുസരിപ്പിക്കാനും ഒക്കെ പറ്റ്വോലാ... പക്ഷെ ഒന്നോർക്കുമ്പോൾ ആഗ്രഹം വേണ്ടെന്ന് വെക്കും... ആരെയും പേടില്ലാത്ത വല്ല്യുപ്പാക്ക്‌ വാവടുക്കുന്നത്‌ ഭയങ്കര പേടിയാണ്‌... വാവടുത്താൽ മെലിഞ്ഞ ശരീരം ശ്വാസം കിട്ടാതെ കട്ടിലിൽ കിടന്ന് വളഞ്ഞ്‌ മേൽപ്പോട്ട്‌ പൊന്തും... പിന്നെ വേലപ്പൻ പോയി ബാലൻ വൈദ്യരെ കൂട്ടിവരണം. അൽപ്പമൊന്ന് സമാധാനമായാൽ എന്നെ അടുത്ത്‌ വിളിച്ച്‌ വല്ല്യുപ്പ ചോദിക്കും...
" വല്ല്യുപ്പാടെ കുട്ടി പേടിച്ചോ...?"
"പരീദാപ്ല സരിക്കും പേടിപ്പിചു..." ജനലഴികളിൽ പിടിച്ച്‌ മുറ്റത്ത്‌ നിന്ന് കൊണ്ട്‌ അകത്തേക്ക്‌ എത്തി നോക്കുന്ന വേലപ്പനായിരിക്കും മിക്കപ്പോഴും മറുപടി പറയുക... പിന്നീടെപ്പോഴോ ഒരു വാവിന്‌ വേലപ്പൻ ബാലൻ വൈദ്യരെ വിളിച്ച്‌ വരുമ്പോഴേക്ക്‌ ഉമ്മ വായിലേക്ക്‌ ഒഴിച്ച്‌ കൊടുത്ത രണ്ട്‌ ടീസ്പൂൺ വെള്ളമിറക്കി മൂന്നാമത്തേത്‌ ഇറക്കാൻ കഴിയാതെ കവിളിലൂടെ ഒലിപ്പിച്ച്‌ 'കലിമ' ചൊല്ലിക്കൊണ്ട്‌ വല്ല്യുപ്പ നിശ്ചലമായി കിടന്നു... കുന്തിരിക്ക പുക നിറഞ്ഞ അന്തരീക്ഷത്തിൽ തേങ്ങലുകൾക്കും ഖുർആൻ പാരായണങ്ങൾക്കുമിടയിൽ "ന്റെ പരീദാപ്ലെ" എന്ന വേലപ്പന്റെ തൊഴുത്തിന്റെ ചവിട്ടുപടിയിലിരുന്നുള്ള നിലവിളി വേറിട്ട്‌ കേൾക്കാമായിരുന്നു... അതിന്‌ ശേഷം വീട്ടിലേക്കുള്ള വേലപ്പന്റെ വരവ്‌ കുറഞ്ഞു...
ഒരുദിവസം ഉമ്മാക്ക്‌ വന്ന ഉപ്പയുടെ കത്തിൽ നിന്ന് കിട്ടിയ അറബി വേഷത്തിലുള്ള ഉപ്പയുടെ ഫോട്ടോയും നോക്കി ഇരിക്കുമ്പോഴായിരുന്നു വേലപ്പൻ ആ വഴി വന്നത്‌... കയ്യിലെ ചേറും വിയർപ്പും തോർത്ത്‌മുണ്ട്‌കൊണ്ട്‌ തുടച്ച്‌ വലിയ സന്തോഷത്തിൽ ഫോട്ടോ നോക്കിയിട്ട്‌ പിന്നെ വിഷാദത്തോടെ തിണ്ണയുടെ ഓരവും ചേർന്ന് നിന്നുകൊണ്ട്‌ പറഞ്ഞു...
"ഇന്റെ മോൻ നാണൂനും മോന്റെപ്പാക്കും ഒരേ പ്രായാ..മോന്റപ്പ പേർസ്യെ പോയി കായിണ്ടാക്കി... ന്റെ മോനോ...! പാലക്കുയി പാടത്ത്‌ റിക്കാഡാൻസേര്‌ വന്നപ്പൊ അവരേറ്റ്‌ കൂട്ടംകൂടി പൊറപ്പെട്ട്‌ പോയി... താറാവേരന്റെ കൂടെ ഓടിപോയ തള്ളേടല്ലെ മോന്‌... കൊണം പിടിക്കാത്ത വർഗ്ഗങ്ങള്‌...!!! വെറ്റിലമുറുക്കിയ ചുവപ്പു കലർന്ന കഫം മുറ്റത്തേക്ക്‌ കാർക്കിച്ച്‌ തുപ്പി. എന്തോ തെറ്റ്‌ ചെയ്തിട്ടെന്നപോലെ അത്‌ വേഗം മണ്ണിട്ടുമൂടികൊണ്ട്‌ ഒരു ദീഘനിശ്വാസത്തോടെ വേലപ്പൻ നടന്നു നീങ്ങി...
കാലം മാറി... ഞാൻ വലുതായി... നാട്ടുനടപ്പുകളും കൃഷിരീതികളും മാറിയെങ്കിലും മണ്ണിനോട്‌ മല്ലിട്ട്‌ പ്രകൃതിയോടെ ചേർന്ന് കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്യാൻ വേലപ്പൻ മടികാണിച്ചില്ല... മിക്കവരും കൃഷി ലാഭമില്ലെന്ന് പറഞ്ഞ്‌ പിന്മാറിയപ്പോഴും "ഇക്കീ പുഞ്ചക്കണ്ടത്തീ കെടന്ന് ചത്താമതി" എന്ന പിടിവാശിയോടെ പരിചയക്കാരെ കണ്ട്‌ കേണപേക്ഷിച്ചു... "വെളവിന്റെ മൂന്നിലൊന്ന് ഈ വേലപ്പൻ തരും... കണ്ടത്തില്‌ ഞാറ്‌ എറക്കാൻള്ള വകയും ചാല്‌ എടുക്കാൻള്ള വകയും ഇങ്ങള്‌ കാണണം... വേറെ ഒന്നും അറ്യേണ്ട... വെറുതെ പരൂപ്പടവിലെ കമ്മറ്റിക്കാർക്ക്‌ വെള്ളത്തിന്‌ പൈസ കൊടുത്തത്‌ കളേണ്ട.." പലരും വ്യവസ്ഥക്ക്‌ തയ്യാറായി... ചാണകവും പച്ചിലയും മറ്റും കുഴിച്ച്‌ മൂടി വളമാക്കിയും... വെളുത്തുള്ളി നീരും പുകയില കഷായവും ചേർത്ത്‌ കീടനാശിനിയായി ഉപയോഗിച്ചും കൃഷിപ്പണി തകൃതിയായി നടന്നു... ഇതിനിടയിലാണ്‌ കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കണമെന്ന ഉദ്ദേഷത്തോടെ നാടുനീളെ പ്രവർത്തനങ്ങൾ നടന്നിരുന്നത്‌... ഒരു സന്ധ്യ മയങ്ങിയ നേരത്ത്‌ പണികഴിഞ്ഞ്‌ കൊച്ചനംകുളത്തിൽ നിന്ന് ഒരു കുളിയും കഴിച്ച്‌ വന്ന് കഞ്ഞിവെക്കാനായി ഒരുങ്ങുമ്പോഴായിരുന്നു ചെറ്റക്കുടിലിന്റെ മുറ്റത്ത്‌ സാക്ഷരതാ പ്രവർത്തകർ ചെന്നത്‌...
"എഴുത്തുവ്‌ വായനേം അറ്യോ..?
"ആർക്ക്‌... ഇക്കോ നല്ല കാര്യായി..." മുറുക്കാൻ കറപിടിച്ച പൊട്ടിപോയ പല്ലുകൾ കാണിച്ച്‌ വേലപ്പൻ ചിരിച്ചു...ആഗമനോദ്ദേശം ഉണർത്തിച്ച്‌ വേലപ്പനിൽ താൽപര്യം ജനിപ്പിച്ച്‌ പേരും ചേർത്ത്‌കൊണ്ട്‌ വന്നവർ പോയപ്പ്പ്പോൾ അക്ഷരാഭ്യാസം പഠിച്ചാലുണ്ടാവുന്ന ഗുണങ്ങളെ കുറിച്ച്‌ പണ്ട്‌ പരീദാപ്ല പറഞ്ഞത്‌ ഓർത്തുപോയി... "നാലസ്സരൊന്ന് വായിക്കാൻ പഠിച്ചാൽ അയ്‌ന്റെ ഗൊണൊന്ന് വേറേണ്‌ന്റെ വേലപ്പാ ലോകോംന്ന് പറ്യേണത്‌ കൊച്ചനംങ്കൊളം പോലെ ചെറുതൊന്നുമല്ല... അകലാട്‌ കടല് പോലെ നീണ്ടുനിവർന്നങ്ങനെ കെടക്കല്ലെ..." ആകാശത്തോളം മുട്ടി കിടക്കുന്ന അകലാട്‌ കടലിന്റെ വ്യാപ്തിയെ കുറിച്ച്‌ ആലോചിച്ചപ്പോൾ മനസ്സിൽ തിരമാലകൾ അലയടിക്കുന്നത്‌ പോലെ വേലപ്പന്‌ തോന്നി...

ദിവസങ്ങൾക്ക്‌ ശേഷം വൈകുന്നേരത്തെ കുളിയും കഴിഞ്ഞ്‌ ചുക്കിചുളിഞ്ഞ ശരീരത്തിൽ വെളിച്ചെണ്ണ തേച്ച്‌ പിടിപ്പിച്ച്‌ പുതുതായി വാങ്ങിയ സ്ലേറ്റും പെൻസിലുമെടുത്ത്‌ സാക്ഷരതാ ക്ലാസിനുപോവുമ്പോഴും നാലും കൂട്ടിയൊന്ന് മുറുക്കാൻ വേലപ്പൻ മറന്നില്ല... തന്നേക്കാൾ പ്രായം കുറഞ്ഞ ഗുരുനാഥന്മാരിൽ നിന്നും അക്ഷരം പഠിക്കുമ്പോൾ ഒരുതരം 'എരപ്പ്‌' മനസ്സിൽ തോന്നിയിരുന്നെങ്കിലും മാനംമുട്ടെ പരന്ന് കിടക്കുന്ന അകലാട്‌ കടലിനെ മാത്രം മനസ്സിൽ കണ്ടു... അക്ഷരങ്ങൾ ഓരോന്നായി കൂടി ചേർന്ന് തിരമാലകളായി മനസ്സിന്റെ തീരങ്ങളിലേക്ക്‌ ആഞ്ഞടിച്ചപ്പോൾ കപ്ലേങ്ങാട്‌ ഭരണിയുടെ താളക്കൊഴുപ്പ്‌ ചെവികളിൽ മുഴങ്ങുന്നത്‌ പോലെ... പക്ഷെ പരിസമാപ്തിയിൽ വാദ്യമേളങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലേക്ക്‌ കരിമരുന്നിന്റെ ഗന്ധം പടരുന്നത്‌ മാത്രം അറിയാൻ കഴിഞ്ഞില്ല... " ആ ചൂരൊന്ന് അറ്യേണങ്കില്‌..." വേലപ്പൻ വിരലിൽ കണക്ക്‌ കൂട്ടി... "ഇത്‌ ധനു... മകരം... കുംഭം... രണ്ട്‌ മാസോങ്കുട്യും ഉണ്ട്‌."അക്ഷരങ്ങൾ ചേർത്ത്‌ വായിക്കാമെന്നായപ്പോൾ ആദ്യം കയ്യിൽകിട്ടിയ രാസവളപരസ്യത്തിന്റെ നോട്ടീസ്‌ തപ്പിതടഞ്ഞ്‌ ഒരുവിധം വായിച്ചൊപ്പിച്ചു...
"കൂ..ടു..തൽ.. വിള..വിന്‌.. ഉപ..യോഗി..ക്കുക.."
കൃഷിയിൽ താൻ ശീലിച്ചുപോന്ന രീതികളേക്കാൾ മികവുറ്റത്‌ ലോകത്ത്‌ ഉണ്ടെന്നുള്ള സത്യം അറിഞ്ഞപ്പോൾ ഒന്ന് പരീക്ഷിച്ച്‌ നോക്കാൻ തന്നെ വേലപ്പൻ തീരുമാനിച്ചു... ഒപ്പം തന്നെ നൂതന കീടനാശിനികളും...!!! കൂടാതെ ഒരു നേർച്ച നേരാനും വേലപ്പൻ മറന്നില്ല... " ഇക്ക്‌ എല്ലാങ്കൊണ്ടും മാറ്റണ്ടായതല്ലെ... ഇക്കുറി കപ്ലേങ്ങാട്ടെ ഭരണിക്ക്‌ കാളക്കളി വേണ്ട... ഞാനൊരു വൈക്കോപ്പൂതം കെട്ടും... നോക്കിക്കോ..."ദാസന്റെ ചായക്കടയിലിരുന്ന് വേലപ്പനെടുത്ത പ്രതിജ്ഞ കേട്ട്‌ തേങ്ങാക്കാരൻ യാക്കോബേട്ടൻ 'കാവ്‌' ഏറ്റി നടന്ന് തഴമ്പിച്ച ചുമലിൽ ചൊറിഞ്ഞ്‌കൊണ്ട്‌ ചിരിച്ചു... പിന്നെ ചായക്കറയും കരിയും പുരണ്ട അന്നത്തെ പത്രത്തിലെ വാർത്ത വേലപ്പനെ കാണിച്ച്‌ കൊടുത്തു... "പത്തുവയസ്സുകാരിയെ അറുപതുവയസ്സ്കുകാരനായ മുത്തച്ഛൻ ബലാൽസംഗം ചെയ്തു..." കണ്ണുകളിൽ ഇരുട്ട്‌ പരക്കുന്നത്‌ പോലെ വേലപ്പന്‌ തോന്നി... "ന്റെ കപ്ലേങ്ങാട്ടമ്മേ..." എന്ന് ഇത്തരം ഓരോ വാർത്തകൾ വായിക്കുമ്പോഴും വിളിക്കുകയും അക്ഷരം പഠിക്കാതെ താൻ വിശ്വസിച്ചിരുന്ന നല്ല കാലം തിരിച്ചു കിട്ടിയെങ്കിലെന്ന് തോന്നിപോവുകയും ചെയ്തു... കുംഭമാസം വന്നു... തഴച്ച്‌ വളർന്ന നെൽച്ചെടികൾ അരിയുറക്കാത്ത പാൽക്കതിരുകൾ പുറത്തുകാട്ടി ചിരിച്ചു നിന്നു... പക്ഷെ അങ്ങിങ്ങായി ഒരു പുഴുക്കടിപോലെ വട്ടമിട്ട്‌കൊണ്ടുള്ള കരുവാളിപ്പ്‌... പല കീടനാശിനികൾ മാറിമാറി പ്രയോഗിച്ചെങ്കിലും കൂടുതൽ ഭാഗങ്ങളിലേക്ക്‌ വ്യാപിച്ച്‌ എല്ലാം നടുവൊടിഞ്ഞ്‌ കിടക്കുകയും ചെറുപ്രാണികളെയും മറ്റും പിടിച്ചു തിന്നിരുന്ന 'പോക്കാച്ചി തവളകൾ' ചത്തുമലർന്ന് കിടക്കുകയും ചെയ്തു... ആവാസ വ്യവസ്ഥയിലെ ഒരു കണ്ണി നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാനുള്ള കഴിവൊന്നും ഇല്ലാത്ത വേലപ്പൻ നഷ്ടപ്പെട്ട തന്റെ കൃഷിയെ കുറിച്ചോർത്ത്‌ വേദനയോടെ "ചതിച്ചല്ലോ ന്റെകപ്ലേങ്ങാട്ടമ്മേ..." എന്ന് നിലവിളിച്ച്‌ കൊണ്ട്‌ തോട്ടുവരമ്പത്ത്‌ കൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... കപ്ലയങ്ങാട്‌ കുംഭഭരണി മഹോൽസവത്തിന്റെ താലമറിയിക്കാൻ വന്ന കോമരം ഉറഞ്ഞ്‌ തുള്ളി ചിലമ്പ്‌ കിലുക്കി സർവ്വനാശനിവാരണത്തിനായി വേലപ്പന്റെ ചേറുപുരണ്ട ശരീരത്തിലേക്ക്‌ തെച്ചിപ്പൂവും നെല്ലും ചേർത്ത്‌ ജപിച്ചെറിഞ്ഞു..."ന്റെ പരീദാപ്ല പറഞ്ഞത്‌ എത്ര സെര്യേർന്ന്... ലോകത്ത്‌ ഒന്നും വിസ്വയ്ക്കാൻ കൊള്ളില്ല... എല്ലാം ഞമ്മളെ പറ്റിക്കും... എല്ലാം... ന്റെ കെട്ട്യോള്‌ ഇന്നെ പറ്റിച്ചില്ലെ... ഇങ്ങനൊരു തന്തണ്ടെന്ന് പൊറപ്പെട്ട്‌ പോയ മോൻ ചിന്തിച്ചോ... എല്ലാം ചാത്തന്റെ പണ്യാന്ന് പണ്ട്‌ വിസ്വയ്ച്ചു... ഇപ്പൊക്ക്‌ ബോധ്യായി... ഒന്നും കണ്ണുമ്പൂട്ടി വിസ്വയ്ക്കരുത്‌... എല്ലാം ചതിക്കും... അകലാട്‌ കടലിന്റെ ആഴങ്ങളിലേക്ക്‌ തെരമാലേള്‌ വലിച്ചോണ്ട്‌ പോകും... നല്ല വളാന്ന് പറഞ്ഞ്‌ വളപ്പീട്യേക്കാരനും ഇന്നെ ചതിക്കേർന്ന്... ഇക്ക്ന്റെ വളം തന്നെ മത്യേർന്നു... ഒക്കെ വായിക്കാൻ പഠിച്ചോണ്ട്‌ വന്നതാ..."
"എന്തിനാപ്പൊ വായിക്കാൻ പഠിച്ചേനെ കുറ്റം പറ്യേണ്‌... അന്റെ പൊട്ടപോയത്തം കൊണ്ട്‌ ഓരോന്ന് വരുത്തി വെച്ചിട്ട്‌..." വേലപ്പന്റെ പരിഭവങ്ങൾ കേട്ടവർ തിരിച്ച്‌ പറഞ്ഞു...കുംഭഭരണി മഹോൽസവം വന്നു... നേർച്ച പ്രകാരം വൈക്കോൽ പൂതം കെട്ടി വേലപ്പൻ പൂവങ്കോഴിയെ കയ്യിൽ പിടിച്ച്‌ ചിലമ്പ്‌ കിലുക്കി ഉറഞ്ഞ്‌ തുള്ളികൊണ്ട്‌ ആർപ്പുവിളികളോടെ ഉത്സവ തിമിർപ്പിന്റെ സമുദ്രത്തിലേക്ക്‌ അലിഞ്ഞു ചേർന്നു... ഉള്ളിലെവിടെയോ ഒരു അദൃശ്യ ശക്തിയുടെ പരവേശം... വാദ്യമേളങ്ങളുടെ താളക്കൊഴുപ്പ്‌ മുറുകി... സ്വയം മറന്ന് തുള്ളിമറിഞ്ഞ വേലപ്പന്റെ കണ്മുന്നിൽ അക്ഷരം പഠിപ്പിച്ച ഗുരുനാഥൻ കയ്യിലെ പച്ചില തൂപ്പ്‌ കുലുക്കി തന്നെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നു... പരവേശം നഷ്ടപ്പെട്ട്‌ വെരുമൊരു സാധാരണ മനുഷ്യനായ വേലപ്പന്റെ മൂക്കിലേക്ക്‌ ചേറിന്റെയും വിയർപ്പിന്റെയും ഇടകലർന്ന മണമടിച്ചു... പരന്ന് കിടക്കുന്ന നെൽപ്പാടങ്ങളിൽ ഉണങ്ങികിടക്കുന്ന നെൽകൃഷി ഒരുമിന്നായം പോലെ കണ്ണിൽ തെളിഞ്ഞു... അകത്താക്കിയ കള്ള്‌ നുരഞ്ഞ്‌ പൊങ്ങി തികട്ടി തലച്ചോറിനെ തരിപ്പിച്ചു... കയ്യിൽ മുറുക്കി പിടിച്ചിരുന്ന പൂവൻകോഴി പിടിവിട്ട്‌ തിരക്കിനിടയിൽ കിടന്ന് പിടഞ്ഞു... അക്ഷരം പഠിപ്പിച്ച ഗുരുവിന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ "ന്നെ ചതിച്ചൂലെ... ന്നാലും ഇന്നോട്‌ വേണ്ട്യേർന്നില്ല മാഷെ..." എന്നലറി... പിന്നെ ബോധരഹിതനായ വേലപ്പനെ ചെണ്ടപ്പുറത്ത്‌ ആരെല്ലാമോ താങ്ങിയിരുത്തുമ്പോൾ ശബ്ദ്മമുഖരിതമായ അന്തരീക്ഷത്തിലേക്ക്‌ കരിമരുന്നിന്റെ ഗന്ധം പടർന്നിരുന്നു...

Monday, 16 February 2009

നരകത്തിലേക്കുള്ള വണ്ടി


മൂന്നാം പെരുന്നാളിന്റെ പകൽ വെളിച്ചം തെളിഞ്ഞ്‌ തുടങ്ങുന്നതിനു മുന്നെ എഴുന്നേറ്റ്‌ നേരത്തെ എത്തിയ പത്രത്തിലൂടെ വെറുതെ കണ്ണോടിച്ച്‌ കൊണ്ടിരിക്കുമ്പോഴായിരുന്നു കറവക്കാരൻ രാമേട്ടന്റെ വരവ്‌… വന്നപാടെ “അറിഞ്ഞില്ലെ…മ്മടെ പള്ളീലെ ബീരാനെ പോലീസ്‌ തെരേണ്ടത്രെ…! എന്ന്‌ പറഞ്ഞ്‌ മനസ്സിനെ ചെറുതായൊന്ന്‌ നൊമ്പരപ്പെടുത്തിക്കൊണ്ട്‌ പാല്‍ കറക്കൂന്നതിനുവേണ്ടി തൊഴുത്തിലേക്ക്‌ കടന്നു… ഓർമ്മിക്കാൻ ഒരു വിഷയം കിട്ടിയത്‌ കൊണ്ടാവണം ബീരാന്റെ ആദ്യകാലങ്ങളിലേക്ക്‌ മനസ്സ്‌ സഞ്ചരിച്ച്‌ എന്തൊക്കെയോ ചികഞ്ഞ്‌ പുറത്തെടുത്തത്‌…. വർഷങ്ങൾക്ക് മുന്നെ ഒരു റമദാൻ മാസത്തിൽ എങ്ങിനെയോ ഞങ്ങളുടെ നാട്ടിൽ എത്തിപ്പെട്ട്‌ വീടുകൾ തോറും കയറിയിറങ്ങി അന്നത്തിനുള്ള വക കണ്ടെത്തിയിരുന്ന ബീരാന്റെ നാട്‌ ചോദിച്ചവരോട്‌ ശുദ്ധതമിഴിലുള്ള അവന്റെ മറുപടി “നെയ്‌വേലി പക്കം എന്നായിരുന്നു… ഉപ്പയെ കുറിച്ച് ചോദിച്ചാൽ “തെരിയാത്‌ എന്നും ഉമ്മയെ പറ്റി ചോദിച്ചാൽ “നഞ്ച്‌കായ്‌ സാപ്പിട്ട്‌ എരന്ത്‌ പോച്ച്‌.. എന്നും പറയും. അതിനപ്പുറം ബീരാന്റെ കാര്യങ്ങൾ ആർക്കും അറിഞ്ഞ്‌ കൂടാ..
“നമ്മടെ ജാതീപ്പെട്ട കൂട്ടിങ്ങനെ വഴിപെഴച്ച് പോണത്‌ സര്യല്ലല്ലോ.. എന്ന്‌ തോന്നിയത്‌ കൊണ്ടാവണം പള്ളിയിലെ വല്ല്യുസതാദ്‌ അവന്‌ ദീനികാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുന്നതിന്റെ കൂട്ടത്തിൽ ഭക്ഷണവും താമസവും എല്ലാം തരപ്പെടുത്തി കൂടെ കൂട്ടിയത്‌… ആ മാസത്തെ അവസാനത്തെ വെള്ളിയാഴ്‌ച കൂടിയ മഹല്ല്‌ യോഗത്തിൽ അയമുഹാജി നിസ്‌കാരതഴമ്പ്‌ ചൊറിഞ്ഞ്‌ കൊണ്ട്‌ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ “ഞമ്മളൊക്കെ ഇസ്‌ലാമിന്റെ ഒടപ്പെറപ്പീങ്ങളല്ലെ സായ്‌വെ എന്ന വല്ല്യുസ്‌താദിന്റെ ചോദ്യത്തിന്‌ അയമുഹാജിക്ക്‌ ഉത്തരമൊന്നും ഇല്ലായിരുന്നത്രെ…! അങ്ങനെ ബീരാന്‍ “പള്ളീലെ ബീരാനും ഞങ്ങളുടെ നാട്ടുകാരനുമായി..
മഹല്ല്‌ കമ്മറ്റി തിരഞ്ഞെടുത്ത ഓരോരോ വീടുകളിൽ നിന്നും വല്ല്യുസതാദിന്‌ നേരത്തിനു ഭക്ഷണം വാങ്ങി എത്തിച്ച്‌ കൊടുക്കലായിരുന്നു അവനേറ്റെടുത്ത ആദ്യത്തെ ജോലി.. ആ പണിയിലൂടെയാണ്‌ ഞാൻ ബീരാനെ പരിചയപ്പെടുന്നത്‌… രാത്രി കാലങ്ങളിൽ ജിന്നുകളും മലക്കുകളും ഒക്കെ വരുന്ന പള്ളിയിൽ കിടക്കുന്ന ബീരാനോട്‌ പേടികലർന്ന ബഹുമാനമായിരുന്നു അന്നൊക്കെ എനിക്ക്‌…
പേടിയോടെയാണെങ്കിലും “ഇത്ര ധൈര്യത്തിൽ പള്ളീലെങ്ങിനെയാ കെടക്ക്‌ണത്‌.. എന്ന്‌ ഒരു ദിവസം വീട്ടിൽ ഭക്ഷണം വാങ്ങാൻ വന്നപ്പോൾ ബീരാനോട്‌ ഞാൻ ചോദിക്കുക തന്നെ ചെയതു…. വെള്ള കുപ്പായത്തിന്റെ ഇടത്‌ കൈ മേലേക്ക്‌ തെരുത്ത്‌ കയറ്റി കൈത്തണ്ടയിൽ മന്ത്രിച്ച് കെട്ടിയ ഏലസ്സ്‌ കാണിച്ച് ആയിടെ സ്വായത്തമാക്കിയ മലയാളത്തിൽ അൽ‌പ്പം തമിഴ്‌ കലത്തി അവൻ പറഞ്ഞത്‌.. “നമ്മ വല്ല്യുസതാദ്‌ തന്നതാ… പോരത്തേന്‌ കെടക്കാൻ നേരത്ത്‌ വെള്ളോം മന്ത്രിച്ചേരും…പിന്നെയെതുക്ക്‌ ഭയപ്പെടണം തമ്പീ…’
വെള്ളവസ്ത്രത്തിനുള്ളിലെ കറുത്തിരുണ്ട ആ രൂപത്തെ നാട്ടുകാർക്ക് ആർക്കും ദേഷ്യമില്ലായിരുന്നു എന്ന്‌ തറപ്പിച്ച് പറയാൻ കഴിയില്ല…കാരണം ഒരു കല്ല്‌ കടിയെന്നവണ്ണം മെരുമൊയതീൻ നിലനിന്നിരുന്നു… കള്ളുകുടിച്ച് ലെക്കുകെട്ട്‌ നടക്കുന്ന മെരുമൊയതീന്‌ ബീരാനെ കാണുമ്പോൾ ഉള്ളിലൊരു നുരഞ്ഞ്‌ പൊങ്ങലാണ്‌… ‘പോണ്‌ കണ്ടില്ലെ ഹമുക്ക്‌….ഇവിടെ വരുമ്പോള്‍ ഈളക്കടു പോലണ്ടാര്‍ന്ന സധാനാണ്‌…ഇപ്പൊ വരാല്‌ പോലായക്ക്‌ണ്‌…’ ലഹരിയിൽ കുതിർന്ന വാക്കുകൾ പ്രതികരണങ്ങൾ ഒന്നുമേൽക്കാതെ ചിതറി വീഴുകയാണ്‌ എന്നത്തെയും പതിവ്‌…. ഇത്തരം പരിഹാസങ്ങൾ ഒന്നും വകവെക്കാതെ തൂക്കുപാത്രവും പിടിച്ച് കാലങ്ങളിൽ നിന്ന്‌ കാലങ്ങളിലേക്ക്‌ ബീരാൻ നടത്തം തുടരുക മാത്രം ചെയതു… രാത്രി കാലങ്ങളിൽ തൂക്ക്‌പാത്രത്തിനു പകരം ഒരുകയ്യിൽ `മൗലൂദ്‌’ നോക്കി ചൊല്ലാനുള്ള ‘ജില്‍ദും‘ മറുകയ്യിൽ ആറുകട്ടയുടെ ടോർച്ചും ഉണ്ടാവും… വല്ല്യുസതാദിനെ പിന്തുടർന്ന്‌ കൊണ്ട്‌ `മൗലൂദ്‌’ ചൊല്ലാനുള്ള വീടുകളിലേക്ക്‌…. `മുസീബത്തു’കൾക്കും രോഗശാന്തിക്കും വല്ല്യുസതാദിന്റെ മൗലൂദ്‌ ഉത്തമ നിവാരണ മാർഗ്ഗമാണത്രെ..!
കുന്തിരിക്കത്തിന്റെയും ചന്ദനതിരിയുടെയും പുകനിറഞ്ഞ അന്തരീക്ഷത്തിൽ മൗലൂദിന്റെ താളം മുറുകുന്നതിന്ന്‌ മുന്നെ കോഴിയുടെ നിലവിളിയും മരണവെപ്രാളവും ഇരുട്ടിൽ ലയിച്ചിരിക്കും… പിന്നെ സമൃദ്ധമായ ഭക്ഷണവും കഴിഞ്ഞ്‌ `വിഹിതം’ കൈപ്പറ്റാനായി ബീരാൻ വീടിന്റെ ചുമരിലേക്ക്‌ വെറുതെ ടോർച്ചടിച്ച് ബാറ്ററിയിടുന്ന ഭാഗത്തെ മൂടി തിരിച്ച് പോയന്റ്‌ ശരിയാക്കി കൊണ്ടിരിക്കും., ഒപ്പം `’ഇത്താ., വല്ല്യുസതാദിന്‌ തിരക്കുണ്ടത്രെ.! എന്നൂ കൂടി പറഞ്ഞൊപ്പിക്കും… ബീരാന്‌ പരിചയമുള്ള സ്ത്രീകളെല്ലാം അവനു ഇത്തയാണ്‌…ചില ഇത്തമാര്‍ മൗലൂദ്‌ ചൊല്ലിയതിന്‌ കൊടുക്കുന്ന കാശ്‌ മുതലാക്കുന്നതിന്ന്‌ വേണ്ടിയാവണം..“ദാ വര്‌ണ്‌ ബീരാനെ… ഉസ്‌താദിനോട്‌ ഒരു യാസീനും കൂടി ഓതി ദുഅറെന്നോളാൻ പറഞ്ഞോളീൻ എന്ന്‌ അകത്ത്‌ നിന്നു വിളിച്ച് പറയും… വിഹിതവും കൈപ്പറ്റി അവരിറങ്ങുമ്പോൾ ഉറക്കച്ചടവോടെ ശേഷിച്ച കറിയിൽ കോഴി കഷ്‌ണങ്ങൾ വല്ലതും ബാക്കിയുണ്ടോ എന്ന്‌ തിരയലായിരുന്നൂ വീട്ടിലെ കുട്ടികളുടെ ജോലി… അന്നൊക്കെ ഉമ്മമാര്‍ പൊതുവായി പറയുന്ന ഒരു ആശ്വാസ വാക്കുണ്ട്‌ “അടൂത്ത മൗലൂദിന്‌ രണ്ട്‌ കോഴിനെ അറക്കണം…ന്റെ കുട്ട്യേൾക്ക് അപ്പൊ തിന്നാട്ടാ… എന്ന്‌ ..പക്ഷെ മൗലൂദുകൾ പലതും നടന്നെങ്കിലും കോഴിക്കഷ്‌ണങ്ങൾ മാത്രം സ്വപ്‌നമായി അവശേഷിച്ചു… ഇത്‌ മെരുമൊയ്‌തീന്‌ നന്നായി അറിയാവുന്നത്‌ കൊണ്ടാവണം മൗലൂദിന്‌ പോവുന്ന ബീരാനെ കാണുമ്പോൾ “ഒരു പാത്രം കൂടി കയ്യി പിടിച്ചേക്ക്… ന്നാപ്പിന്നെ ബാക്കിള്ളത്‌ കൂടികൊണ്ട്വരാലോ..! എന്ന്‌ കളിയാക്കി പറയാറ്‌.. അത്‌ കേട്ട്‌ ബീരാന്‍ പിറുപിറുക്കും..“ഹൗ..! ന്റെ നേര്‍ച്ചാരെ കള്ളകാഫിറ്‌ പറ്യേണോക്ക്യെ..!
മൗലൂദുകൾ എല്ലാം വല്ല്യുസതാദിന്റെ മേൽനോട്ടത്തിലാണ്‌ നടന്നിരുന്നതെങ്കിലും പകർന്ന് കിട്ടിയ അറിവ്‌ കൊണ്ട്‌ ഉപ്പ്‌ ഊതി കൊടുക്കൽ, യാസീൻ ഓതൽ എന്നിവ ബീരാൻ ഏറ്റെടുത്ത്‌ നടത്താന്‍ തുടങ്ങി… യാസീൻ ഓതിക്കാൻ ആവശ്യക്കാർ കൂടിയപ്പോൾ ഒഴിവു സമയങ്ങളിൽ യാസീൻ മുൻ കൂട്ടി ഓതുകയും ഓതിയ എണ്ണത്തിനനുസരിച്ച്‌ വലിയ ചരടിൽ ഓരോ കെട്ടുകൾ ഉണ്ടാക്കിവെക്കുകയും ആവശ്യക്കാരുടെ വിഹിതം കൈപ്പറ്റി ചരടിലെ കെട്ടുകൾ അഴിക്കുകയും ചെയതു… അങ്ങനെ ബീരാന്റെ ചരടിലെ കെട്ടുകൾ കൂടുകയും കുറയുകയും ചെയതുകൊണ്ടിരുന്നു… ഇതെല്ലാം അറിഞ്ഞ മെരുമൊയതീന്‌ ബീരാനോടുള്ള ദേഷ്യവും കൂടി വന്നു… അതിനെ കുറിച്ച്‌ ബീരാന്റെ ഭാഷയിൽ തന്നെ പറയുന്നതാവും ഭംഗി…“ഓനെ കാണുമ്പോള്‍ ഇക്കൊരു കലുങ്ങണ്ട്‌ വരും… ഒന്നിനാക്കോണം പോന്ന ആണൊരുത്തനല്ലെ… ഓന്‍ക്ക്‌ നയിച്ച് തിന്നാലെന്താ..
അവർ തമ്മില്‍ ശത്രുതയിലാണെന്ന ധാരണയെല്ലാം തിരുത്തി കുറിച്ച് ഈ റമദാൻ തുടങ്ങുന്നതിന്റെ ഒരാഴ്‌ച മുന്നെയായിരുന്നു..ബീരാന്റെ തോളിൽ കയ്യിട്ട്‌ നടന്ന്‌ നീങ്ങുന്ന മെരുമൊയതീനെ കാണിച്ച്‌ തന്നത്‌ എന്റെ പ്രിയതമയായിരുന്നു.. അതിനെ പറ്റി ചോദിച്ചവരോട്‌ ബീരാന്റെ അഭിപ്രായം “ഓനെ ചൊവ്വാക്കാൻ പറ്റ്വോന്ന്‌ ഞാനൊന്ന്‌ നോക്കട്ടെ എന്നായിരുന്നു…
വല്ല്യുസതാദ്‌ പഠിപ്പിച്ച്‌ കൊടുത്ത ദീനികാര്യങ്ങള്‍ ബീരാൻ ഭംഗിയായി മെരുമൊയതീന്‌ പകര്‍ന്ന്‌ കൊടുത്തു… പള്ളിക്കുളത്തിന്റെ അടിയിലായി പായല്‍പിടിച്ച്‌ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മഹല്ല്‌ നിവാസികളോടൊപ്പം നമസ്‌കാരത്തിന്‌ വേണ്ടി മൊയതീനും അംഗശുദ്ധി വരുത്തി.. കുളത്തിൽ കാർക്കിച്ച്‌ തുപ്പിയ കഫത്തെ കൊത്തി വലിക്കുന്ന മീനുകളെ നോക്കി മെരുമൊയതീൻ ഒരു ദിവസം ബീരാനോട്‌ ചോദിച്ചു… “അല്ല ബീരാനെ, ഈ ശുദ്ധിള്ളവെള്ളംന്ന്‌ പറ്യേമ്പള്‌ അതിനൊരു കണക്കൊക്കെ ഇണ്ടന്നല്ലെ പറഞ്ഞത്‌…ഈ കണ്ടമൻസന്മാരെല്ലാം തുപ്പുകയും വുളു എടുക്കുകയും ഒക്കെ ചെയ്യണ ഈ വെള്ളത്തിനെവ്‌ട്‌ന്നാ ശുദ്ധിണ്ടാവാ..?
“തേവയില്ലാത്ത കാര്യങ്ങൾ യോശിക്കാതെ ശീക്രം കേറിവാ മൊയതീനെ… എന്നും പറഞ്ഞ്‌ ബീരാൻ കുളത്തിൽ നിന്നും പള്ളിയിലേക്കുള്ള പടവുകൾ കയറി പോവുമ്പോൾ ഉത്തരം കിട്ടാതെ ചങ്കിൽ കിടക്കുന്ന ചോദ്യത്തെ പള്ളിക്കുളത്തിലേക്ക്‌ തന്നെ കാർക്കിച്ച് തുപ്പി മീൻ കൊത്തിവലിക്കുന്നതും നോക്കിയിരിക്കാനെ മൊയതീന്‌ കഴിഞ്ഞുള്ളൂ…
ശീലങ്ങൾ പാടെ മാറ്റാനും മറക്കാനും കഴിയാത്തത്‌ കൊണ്ട്‌ മൊയതീന്‍ പലപ്പോഴായി നാട്ടുകരോട്‌ അടക്കം പറഞ്ഞു…
“ഉസതാദ്‌ ചെയ്യണ മന്ത്രോം മരുന്നും തട്ടിപ്പാണെന്ന്‌ ആൾക്കാർക്ക് മനസ്സിലായോണ്ട്‌ അവർക്കിപ്പൊ വരുമാനം കുറവാത്രെ… പിന്നെ ഈ ബീരാൻ ചെലവുവങ്ങാൻ പോണ ചെലകുട്യേളില്‌ എന്തൊക്കെയോ ചുറ്റിക്കളിയുണ്ട്‌… ഓനാരാ മോന്‍.. വല്ല്യുസതാദ്‌ മീൻ കൂട്ടില്ല… പച്ചകറികൂട്ടില്ല…കോഴിയെറച്ചിയും ആട്ടെറച്ചിയും മാത്രേ കൂട്ടുള്ളു എന്നൊക്കെ ഓൻ പുളുപറ്യേണതല്ലെ…മൊയതീന്റെ വെളിപ്പെടുത്തലുകളിൽ അരിശം പൂണ്ട പഴമക്കാർ അവനെ ഉപദേശിച്ചു…“പൊന്നാരെന്റെ മൊയതീനെ, റമളാൻ മാസത്തില്‌ നുരുമ്പിരായിരം പറഞ്ഞ്‌ നടക്കാണ്ട്‌ നാല്‌ ദിക്ക്‌റ്‌ ചെല്ലി നടന്നൂടെ അനക്ക്‌…
ഭക്തി നിർഭരമായ റമദാനിലെ പുണ്ണ്യ ദിനങ്ങൾ അവസാനിച്ച് കൊണ്ട്‌ ഷവ്വാല്‍പ്പിറവി മാനത്ത്‌ തെളിഞ്ഞു.. തക്‌ബീർ ധ്വനികളാൽ ഞങ്ങളുടെ മഹല്ലും പെരുന്നാളാഘോഷത്തിന്‌ തയ്യാറെടുത്തു… പെരുന്നാൾ നമസ്‌കാരാനന്തരമുള്ള `ഖുതുബ’ക്ക്‌ ശേഷം പതിവുപോലെ അയമുഹാജി കുടവയറിൽ തലോടികൊണ്ട്‌ മൈക്കിനുമുന്നില്‍ ഞെളിഞ്ഞു നിന്നു… പെരുന്നാൾ വിശേഷങ്ങൾ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു…. “………..എന്റെ മനസ്സിനെ വളരെയധികം സന്തോഷിപ്പിച്ചൊരു കാര്യം കാണാൻ സാധിച്ചതിലുള്ള ആഹ്ലാദത്തിലാണ്‌ ഞാനിപ്പോൾ…. എന്തെന്ന്‌വെച്ചാൽ സകലഹറാമ്പെറപ്പുകളും കാട്ടികൂട്ടിനടന്നിരുന്ന ഒരാള്‍ ഈറമദാനിലെ ആരംഭം മുതൽ ഇന്നുവരെ ആരാധനാ കർമ്മങ്ങൾക്കെല്ലാം നമ്മുടെ കൂടെ ഉണ്ടായി എന്നതാണ്‌ അത്‌…തന്നെ കുറിച്ച്‌ ആളുകൾക്കിടയിൽ വെച്ച് പരസ്യമായി പറഞ്ഞത്‌ പിടിക്കാത്തത്‌ കൊണ്ടാവണം പ്രസംഗം മുഴുമിക്കുന്നതിന്‌ മുന്നെ മെരുമൊയതീൻ പള്ളിവിട്ടിറങ്ങിയത്‌…
അയമുഹാജിയെ മനസ്സിൽ ദേഷ്യമുള്ളവരെല്ലാം എന്റെ പോലെ.. “ഇയാള്‍ക്കിത്‌ എന്തിന്റെ സൂക്കേടാ.. എന്നു പറഞ്ഞ്‌ കാണണം..!
ബീരാന്റെ കൂടെ പലരും മെരുമൊയ്‌തീനെ അന്വേഷിച്ചിറങ്ങിയെങ്കിലും “കുന്നംകുളത്തേക്കുള്ള ബസ്സിൽ കേറിപോണത്‌ കണ്ടു.. എന്നുമാത്രം അറിയാൻ കഴിഞ്ഞു…
രണ്ടാം പെരുന്നാളിന്‌ മെരുമൊയതീനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്‌ രണ്ട്‌ കാലും നിലത്തുറക്കാതെ ആടിയാടി വരുന്നതായിട്ടാണ്‌… വന്ന ഉടനെ കണ്ടത്‌ ബീരാനെയും… “എടാ ബീരാനെ, ഇന്നലെ രാത്രി കുന്നംകുളം ബസ്സ്‌റ്റാന്റില്‍ കെടന്നുറങ്ങുമ്പോള്‍ അന്നെ ഞാന്‍ കിനാവ്‌ കണ്ടെടാ… നമ്മളെല്ലാം പരലോകത്താണ്‌… നന്മതിന്മേളൊക്കെ വേർതിരിച്ച് ഓരോരുത്തരെ സ്വർഗ്ഗത്തീക്കും നരകത്തീക്കും ബസ്സിലിങ്ങനെ കയറ്റി അയക്കാണ്‌… അവസാനായപ്പൊ നരകത്തീക്ക്‌ള്ള ഒരു ബസ്സ്‌ മാത്രം ബാക്ക്യായി… കേറാനുള്ളോരൊക്കെ കേറിക്കോളീന്ന്‌ മൈക്കീകൂടെ വിളിച്ച് പറേണ്‌ണ്ട്‌… അവസാനാണ്‌ ഞാന്‍ കേറ്യേത്‌ട്ടാ… കേറി നോക്കുമ്പണ്ട്‌ പിന്നിലെ സീറ്റില്‍ ഇയ്യിരിക്ക്‌ണ്‌… അന്നെ കണ്ടപാടെ ഞാന്‍ അല്ല ബീരാനെ, ഇയ്യെന്താണ്ടാ നരകത്തീക്ക്‌ള്ള ബസ്സിലെന്ന്‌ അന്നോട്‌ ചോയ്‌ച്ചപൊ ഇന്റെ തൊള്ളപൊത്തീട്ട്‌ ഇയ്യ് പറ്യാ… മെല്ലെ പറ്യേടാ ഹമ്‌ക്കെ വല്ല്യുസതാദ്‌ മുമ്പിലെ സീറ്റിലുണ്ട്‌ മൂപ്പര്‌ കേൾക്കുന്ന്‌… കേട്ട്‌ നിന്നവരെല്ലാം സ്വപ്‌നത്തിലെ നർമ്മം ആസ്വദിച്ച് ചിരിച്ചു… ഊര്‌ തെണ്ടി നടന്നിരുന്ന തന്നെ എടുത്ത്‌ വളർത്തിയ, തനിക്ക്‌ അറിവോതി തന്ന, തീർച്ചയായും സ്വർഗ്ഗത്തിൽ കടക്കുമെന്ന്‌ താൻ വിശ്വസിക്കുന്ന വല്ല്യുസതാദിനെ പറ്റി പറഞ്ഞത്‌ രസിക്കാഞ്ഞിട്ടാവണം രണ്ടുകാലിൽ നേരെ നിൽക്കാൻ കഴിയാത്ത മെരുമൊയതീനെ ബീരാൻ വെറുതെയൊന്ന്‌ തള്ളിയത്‌… അത്‌ പിന്നിൽ കിടക്കുന്ന കരിങ്കല്ലിൽ തലയടിച്ച് വീഴണമെന്ന്‌ മനസ്സില്‍ കരുതിയിട്ട്‌ പോലും ഉണ്ടാവില്ല…
ഞങ്ങളുടെ നാട്ടിലെ പഴമക്കാർ സംഭവം അറിഞ്ഞപ്പോൾ പറഞ്ഞത്‌ പോലെ പറയുകയാണെങ്കില്‍… “ആ ഇബ്‌ലീസിന്റെ വിധി കരിങ്കല്ലിന്മെ തലയടിച്ച്‌ വീണ്‌ മരിക്കാനാവും… അതിന്‌ ബീരാനെന്തിനാ പേടിച്ച് ഒളിച്ചത്… ഓരോ പൊട്ടപോയത്തങ്ങള്‌…ഹല്ലാപ്പിന്നെ..!
പക്ഷെ നിയമം പാവങ്ങളുടെ കാര്യത്തിലാവുമ്പോൾ നിയമത്തിന്റെ വഴിക്ക്‌ തന്നെ പോവണമെന്ന പിടിവാശി നിയമപാലകർക്കുള്ളത്‌ കൊണ്ട്‌ ബീരാന്റെ ഓർമ്മകളിൽ നിന്ന്‌ കണ്ണ്‌ തുറന്ന എന്റെ മുന്നിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ്‌ വന്നത്‌ സ്വാഭാവികം മാത്രം…
കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നുവെങ്കിലും കസ്‌റ്റഡി മരണങ്ങളുടെയും ഉരുട്ടികൊലകളുടെയും ഞെട്ടിക്കുന്ന സംഭവങ്ങളുടെ ഭീതി മനസ്സിലുള്ളത്‌ കൊണ്ട്‌ അറിയില്ലെന്ന്‌ നിയമപാലകരോട്‌ കള്ളം പറഞ്ഞ്‌ മൂന്നാം പെരുന്നാളിന്റെ ശേഷിക്കുന്ന ആഘോഷങ്ങളിലേക്കും സ്വന്തം കാര്യങ്ങളിലേക്കും എന്റെ നാട്ടുകാരെപ്പോലെ ഞാനും ഇഴുകി ചേരാൻശ്രമിച്ചു…