Saturday, 23 July 2011

കടവ്

പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പേരില്‍ ഞങ്ങളെ തേടിയെത്തുന്ന ഭീഷണികളും വക്കീല്‍ നോട്ടീസുകളും ഒരു പ്രാദേശീക പത്ര നടത്തിപ്പിന്റെ വ്യാകുലതകളായി മാറിക്കൊണ്ടിരിക്കുംമ്പോഴായിരുന്നു വെറും മാര്‍ക്കറ്റിംഗില്‍ മാത്രം ശ്രദ്ധിച്ചിരുന്ന എന്നോടു വാര്‍ത്തകളില്‍ കൂടി ശ്രദ്ധ കീന്ദ്രീകരിക്കണമെന്നു സ്ഥാപനത്തിന്റെ നെടുംത്തൂണായ ശേഖര്‍ജി ആവശ്യപ്പെട്ടത് ..വലിയൊരു ഭാരം തലയില്‍ വെച്ചു തന്നത് പോലെയാണ് എനിക്ക് തോന്നിയത് ..

അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാവുംപോള്‍ അടുത്തിടപഴകിയവരില്‍ നിന്നു പോലും ഭീഷണിയുടെ സ്വരവും ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരുന്നുള്ള മര്‍ദ്ദനവും... അത്തരമൊരു മര്‍ദ്ദനത്തിനു വാര്‍ത്തയില്‍ ലവലേശം കള്ളമില്ലാതിരുന്നിട്ടു കൂടി ശേഖര്‍ജി ഇരയാവേണ്ടി വന്നതിന്റെ അനന്തരഫലമാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്ന പുതിയ ജോലി.. കേവലമൊരു പ്രാദേശീക പത്രത്തിന്റെ ശില്‍പ്പികളില്‍ ഒരാളാണെന്ന ഖ്യാതി എനിക്കെന്നേ ലഭിച്ചിരുന്നു. കുടുംബ കലഹങ്ങള്ക്ക് പോലും വാര്‍ത്താപ്രാധാന്യം കൊടുക്കുന്നവരാണെന്നു പറഞ്ഞ് ഞങ്ങളില്‍ നിന്നു കുറച്ചകലം സൂക്ഷിക്കുകയും "മിണ്ടല്ലെ നാളെ വാര്ത്തയായ് മാറിയേക്കാം" എന്ന രഹസ്യം പറച്ചിലും മനസ്സിന് സ്വല്പം വേദന നല്കാതിരുന്നില്ല..


"തെരുവ് ബാലന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു" എന്ന തലക്കെട്ട് കൊടുത്ത കന്നിവാര്ത്തയോടെ ഞാന്‍ തുടക്കം കുറിച്ചപ്പോള്‍ "കൊള്ളാം...! മരണം ശുഭലക്ഷണമാണ് ഇനി താന്‍ നന്നായിക്കോളും" എന്ന് നീട്ടിവളര്‍ത്തിയ താടിയുഴിഞ്ഞുക്കൊണ്ട് ശേഖര്‍ജി പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്... "ലക്ഷണങ്ങളിലും വിധികളിലും വിശ്വസിക്കാന്‍ ഇരുട്ടടി കാരണമായോ ശേഖര്ജീ.." എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ബഹുമാനം കൊണ്ടു വേണ്ടെന്നു വെച്ചു.. പ്രൂഫ്‌ റീഡിംഗിനിടയില്‍ ദീപയും ചിരി അടക്കിപ്പിടിക്കാന്‍ പാടുപ്പെടുന്നുണ്ടായിരുന്നു...
"ഇയാള്‍ക്ക് തെരുവ് ബാലന്റെ വീടെവിടാന്നറ്യോ..?" ഷാര്പ്നെര്‍ കൊണ്ടു പെന്‍സിലിന്റെ മുന ശെരിപ്പെടുത്തിക്കൊണ്ട് ദീപ ചോദിച്ചു...
സത്യത്തില്‍ വാര്‍ത്തയില്‍ പരാമര്‍ശിക്കാന്‍ ഞാന്‍ വിട്ടുപോയിരുന്ന കാര്യമായിരുന്നു അത് ... "ഞങ്ങള്‍ടവിടെ ഒരു റാഹേലമ്മയുണ്ട് , അവരുടെ ഭ്രാന്ത് മൂത്ത് ചത്ത മകളുടെ കുട്ട്യാ.." ദീപയുടെ വിവരണം വാര്ത്തയുടെ പിന്നാമ്പുറങ്ങളിലെ കഥ അറിയാനുള്ള ആകാംക്ഷയുണര്ത്തി..
".....ചിരുതപ്പുഴയിലെ കടത്തുകാരി റാഹേലമ്മ... മിശ്ര വിവാഹത്തിലൂടെ വിവാദം സൃഷ്ടിച്ച സഖാവ് സുകുമാരന്റെ ഭാര്യാന്നു പറഞ്ഞാല്‍ ഒരു പക്ഷെ അറിയുമായിരിക്കാം.." ഇടതു പക്ഷ പ്രസ്ഥാനത്തിലൂടെ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന ദീപയുടെ സ്വരത്തിന് ഒരു ആധികാരിക ചുവയുണ്ടായിരുന്നു.. "പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച സുകുമാരന്റെ പ്രിയ പത്നി പുഴക്കടവിലെ കൂരയില്‍ ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വന്നപ്പോള്‍ അത്താണിയായത് കടത്ത് തോണിമാത്രം..സുകുമാരേട്ടനെ ഒര്മിക്കനായ് റാഹേലമ്മയുടെ ഉദരത്തില്‍ ബാക്കിവെച്ച; മകള്‍ ജനിച്ചു വളര്‍ന്നു പക്വത കൈവരിക്കുന്നതിന് മുന്നെ പിതൃത്വത്തിന്റെ അവകാശി ആരെന്നു പറഞ്ഞ് കൊടുക്കാന്‍ കഴിയാത്ത ഒരു സന്താനത്തിന് ജന്മം നല്‍കി മുഴുഭ്രാന്തിന്റെ ആവരണത്തിലേക്ക് ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടു.. ഒടുവില്‍ നിറഞ്ഞൊഴുകുന്നചിരുതപ്പുഴായിലൊരു നാള്‍ മുങ്ങി ചത്തു.. " ദീപ കൂജയില്‍ നിന്നു വെള്ളമെടുത്ത് കുടിക്കുന്നതിനിടയില്‍ " ഭാഷ കലക്കി ദീപാ... താനീ മുസ്തഫയെ കുഴിമടിയനാക്കല്ലേ.. വാര്‍ത്തകള്‍ പുറത്ത് പോവാതെ തന്നെ ഒപ്പിച്ചെടുകാനുള്ള ഉത്സാഹം കണ്ടില്ലേ.." എന്ന ശേഖര്ജിയുടെ പരിഹാസത്തില്‍ എല്ലാവരും ചിരിച്ചെങ്കിലും മനസ്സിലെങ്ങോ റാഹേലമ്മ ഒരു വേദനയായ് കുടിയേറി.. "എങ്കില്‍ ഞാന്‍ നിറുത്തി; മുസ്തഫയ്ക്ക് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍; നാളെ ഞായറാഴ്ചയല്ലേ നേരെ വീട്ടിലേക്കു പോന്നോളൂ... നമുക്ക് വിശദമായി അന്വേഷിക്കാം.."
ദീപയുടെ ക്ഷണം രസിക്കാത്തത് കൊണ്ടാവാം ശേഖര്‍ജി പ്രതികരിച്ചു... "അതെന്തെടോ അങ്ങനെ..?"
"ശേഖര്‍ജിയെ വിളിക്കണമെങ്കില്‍ സദ്യവട്ടങ്ങളൊരുക്കണം, മുസ്തഫയ്ക്ക് ഊണിന്റെ കൂടെ കുറച്ച് മോരും ചമ്മന്തിയും ഉണ്ടെങ്കില്‍ കാര്യം നടക്കും.."
"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം അല്ലെ ദീപാ..?" ശേഖര്‍ജി കൂട്ടിച്ചേര്‍ത്തു.


പഠിക്കുന്ന കാലത്ത് എന്റെ പൊതിച്ചോറ് കട്ട് തിന്നിരുന്ന ദീപക്ക് എന്റെ വിഭവങ്ങളെ മറക്കാന്‍ കഴിയാത്തത് കൊണ്ടാവണം അവളുടെ വീട്ടില്‍ പോവേണ്ടിവന്നപ്പോഴെല്ലാം ഒരു പ്രായശ്ചിത്വമെന്നവണ്ണം വിഭവങ്ങള്‍ കൊണ്ട് എന്നെ സല്ക്കരിച്ചിരുന്നത് ...
"കേള്‍ക്കണോ ശേഖര്ജീ, പഠിക്കുന്ന കാലത്ത് സസ്യഭുക്കായ പുസ്തകപ്പുഴുവിന് ഞങ്ങള്‍ ഒരു പേരിട്ടിരുന്നു; മാപ്പ്ലപട്ടര് എന്ന്..." ശേഖര്ജിയുടെ ചിരി ഓഫീസിനുള്ളില്‍ മുഴങ്ങിക്കൊണ്ട് ചുമയില്‍ പര്യവസാനിച്ചു..
ഒഴിവു ദിവസങ്ങള്‍ക്ക് പരാതികളുടെയും കുറ്റപ്പെടുത്തലുകലുടെയും അസ്വസ്ഥതയുളവാക്കുന്ന ഒരു പകലിനെയാവും സമ്മാനികാനുണ്ടാവുക എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധ്യമുള്ളത് കൊണ്ട് നേരത്തെ തന്നെ ദീപയുടെ വീട്ടിലേക്കു പുറപ്പെട്ടു..വഴിനീളെ ദീപയെ കുറിച്ചുള്ള ചിന്തകളായിരുന്നു.. എന്റെ എഴുത്തും വായനയും അറിയാന്‍ ഇടയായപ്പോള്‍ റഷ്യന്‍ നോവലുകളുടെയും കഥകളുടെയും മലയാള വിവര്‍ത്തനങ്ങള്‍ നല്‍കി സൗഹൃദം തുടങ്ങിയവള്‍... ആദ്യം തന്ന പുസ്തകം മാക്സിം ഗോര്‍ക്കിയുടെ 'അമ്മ'യായിരുന്നു.. സൌഹൃദത്തിനിടയില്‍ ആദ്യമൊക്കെ അരോചകമായി തോന്നിയിരുന്ന മാപ്ലപട്ടര് വിളി പിന്നെ ഒരു രസമായി മാറി..ചിന്തിച്ചിരുന്നു സ്ഥലം എത്തിയതറിഞ്ഞില്ല.. കണ്ടക്ടര്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോള്‍ പന്തലിച്ചു നില്‍കുന്ന പാലമരചോട്ടില്‍ ബസ്സിറങ്ങി. വരുമെന്നറിയിച്ചത് കൊണ്ടാവണം ദീപ കാത്തു നില്‍കുന്നുണ്ടായിരുന്നു..ചിരുതപ്പുഴക്ക്‌ മുകളിലൂടെ ഉള്ള പാലത്തിലൂടെ നടക്കുമ്പോള്‍ ദീപ പറഞ്ഞു "ഇതാണ് റാഹേലമ്മയെ പട്ടിണിയിലാക്കിയ പാലം... താന്‍ വിശ്വസിച്ചിരുന്ന പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ നാടിന്റെ വികസനത്തിനു വേണ്ടി പണിക്കഴിപ്പിച്ച പാലം.."

റാഹേലമ്മയെ സ്നേഹിച്ചിരുന്നത് കൊണ്ടാവണം പാലത്തിനോട്‌ പകപോക്കാനെന്ന വണ്ണം പുഴ സ്വയം ഉള്വലിഞ്ഞതെന്നു എനിക്ക് തോന്നി.. വറ്റിവരണ്ട പുഴയില്‍ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുകയും ഓരത്ത് ഉണങ്ങി നിന്നിരുന്ന വയല്‍ചുള്ളികളെ വട്ടമിട്ടു കൊണ്ട് തുമ്പികള്‍ പാറി പറക്കുകയും ചെയ്തിരുന്നു...
"... ദാ അതാണ്‌ റാഹേലമ്മയെയുടെ വീട്..." ചുറ്റും കമ്മ്യൂണിസ്റ്റ്‌ പച്ചയും ശീമകൊന്നയും നീലൂരിയും തഴച്ചു വളര്‍ന്നു നില്‍കുന്ന റോഡു വക്കിലെ വീടിനെ ചൂണ്ടി ദീപ പറഞ്ഞു...
റോഡിന്നഭിമുഖമായി വീടിനൊരുവശത്ത് ചാരിവെച്ചിരുന്ന ചിതല് കയറി തുരുമ്പെടുത്ത തോണിയില്‍ വെള്ളപൂശാനും അടുത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനര്തിയുടെ പേരും അടയാളവും രേഖപ്പെടുത്താനും റാഹേലമ്മയെ മറന്ന പാര്‍ട്ടി പ്രത്യേകം ശ്രദ്ദ കാണിച്ചിരികുന്നത് ഒരു കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ പോലെ തമാശയുളവാക്കി.. വീടിന്റെ ഉമ്മറത്തെ തിണ്ണയില്‍ നിരത്തി വെച്ചിരുന്ന ചില്ലു ഭരണിളിലായി ഉപ്പിലിട്ട മാങ്ങാപ്പൂളും നെല്ലിക്കയും വില കുറഞ്ഞ മിഠായികളും .. പിന്നെ അല്ലറ ചില്ലറ സാധനങ്ങളും, ഞാന്‍ കൌതുകത്തോടെ അവയെല്ലാം നോക്കി നില്‍ക്കുന്നത് കണ്ടിട്ടാവണം "പാവത്തിന്റെ ഉപജീവന മാര്‍ഗമാണെന്ന്" ദീപ ഉണര്ത്തിച്ചത്..
പുറത്ത് ആളനക്കം കേട്ടിട്ടാവണം റാഹേലമ്മ; പീളകെട്ടിയ തിമിരം ബാധിച്ച കണ്ണുകളെ വിറയ്ക്കുന്ന കൈകളാലെ തിരുമ്മി ശുഷ്കിച്ച ശരീരവുമായി വേച്ചു വേച്ചു നടന്നടുത്ത് ചിലമ്പിച്ച ശബ്ദത്തില്‍ ചോദിച്ചു... " ആരാ... എന്താ വേണ്ട്യേത്..?"
എങ്ങിനെ തുടങ്ങണമെന്നറിയാതെ ഞാന്‍ ദീപയെ നോക്കി
"അമ്മച്ച്യെ.., ഞാന്‍ പാല്‍ക്കാരന്‍ വേലൂന്റെ മോളാ.."
"ദാപ്പോ നന്നായെ..! മ്മടെ ദീപക്കുട്ട്യോ..! ആട്ടെ ആരാ കൂടെ..?"
"ഇത് മുസ്തഫ.. എന്റെ കൂടെ ജോലി ചെയ്യുന്ന ആളാ.." ദീപ എന്നെ പരിചയപ്പെടുത്തി..

"ഹ്ആ...പ്രായത്തിന്റെ വെവെരകെടോണ്ട് വേണ്ടധീനങ്ങളൊക്കെ ചെയ്തു ഒടയമ്പ്രാന്‍ തന്ന ജീവിതം കുട്ടിച്ചോറാക്കരുത്ട്ടാ കുട്ട്യേളെ.." - അത് എന്ത് ഉദ്ദേശിച്ചാവും പറഞ്ഞിട്ടുണ്ടാവുക എന്ന് മനസ്സിലാവാതെ ഞാനും ദീപയും പരസ്പരം നോക്കി.. ഒരു പക്ഷെ ദീപയുടെ കൂടെയുള്ള ഞാന്‍ മറ്റൊരു ജാതിക്കരനാനെന്നറിഞ്ഞപ്പോള്‍ സ്വന്തം ജീവിതത്തെ ഓര്‍ത്ത് പറഞ്ഞതാവാം..

"എന്റെ കുട്ടിനെ കൊന്നോനെ വല്ല പിട്യും കിട്ട്യോ മോളെ..?" പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു തരം വീര്‍പ്പുമുട്ടലിനിടയില്‍ മരിച്ച കുട്ടിയെ കുറിച്ച് ഞാന്‍ ചോദിക്കാന്‍ ഒരുങ്ങുംപോഴയിരുന്നു റാഹേലമ്മയുടെ ചോദ്യം
വെറുമൊരു വാര്‍ത്തക്ക് വേണ്ടി മാത്രം അറിഞ്ഞ; വായില്‍ തുണി തിരുകി പിന്നിലേക്ക്‌ കെട്ടിയ കൈകളുമായി പൊട്ടക്കുളത്തില്‍ പൊങ്ങികിടന്നിരുന്ന കുട്ടിയുടെ ചിത്രം മനസ്സിനെ അലോസരപ്പെടുത്തി..
"...ഒരുപകാരമില്ലേലും... ഒന്നോ രണ്ടോ ദെവസം കൂടുമ്പോ ഇവ്ടെ കേറി വരും.., അപ്പൊ തന്നെ പോവേം ചെയ്യും... ഓന്റെ തന്ത രാത്രീലാ പൊറത്തെറങ്ങൂന്ന് ഏതോ എരണം കെട്ടവന്‍ പറഞ്ഞോടുത്തെപ്പിന്നെ വല്ല പീട്യേ കോലാമ്മലാണത്രെ ഓന്‍ കെടന്നൊറങ്ങാറ്... തന്തേന്നു പറഞ്ഞു അവകാശം സ്ഥാപിക്കാന്‍ ചെന്നാല്‍ നെലേംവേലേംള്ള ആള്‍കാര് വെറുതെ വിട്വോ..?

റാഹേലമ്മയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു... കാരണമറിയാത്ത ദു:ഖത്തിന്റെ വീര്‍പ്പുമുട്ടല്‍ തൊണ്ടയില്‍ കുടുങ്ങി ഞാനറിയാതെ ഒരു നെടുവീര്പായ് മാറി.. റാഹേലമ്മയോട് ഒന്നും ചോദിക്കാതെ തന്നെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. "ഒക്കെന്റെ വിധ്യാവും...ഇല്ലെങ്കി പിന്നെ ഇക്കീഗതി വര്വോ..!ഇദ്പ്പോ കേസാക്കാനും പിന്നാലെ ഓടാനും ഇന്നെക്കൊണ്ട് കൂട്ട്യാ പറ്റോ..! ന്റെ കൂരെന്നു ഒരു നെലോളി കേട്ടാല്‍ പോലും ഓടിവരാനാരൂല്ല..! കടവില് വഞ്ചിണ്ടാര്‍ന്ന കാലത്ത് ആര് കൂകി വിളിച്ചാലും അക്കരേന്നു ഇക്കരേക്കും.... ഇക്കരേന്നു അക്കരേക്കും എത്ര വഞ്ച്യും തൊഴഞ്ഞു ഓട്യെതാ..." സംസാരത്തിന്റെ പ്രത്യേക രീതിയിലുള്ള താളം മുറിഞ്ഞ് മൂക്ക് പിഴിഞ്ഞ് ചുമരില്‍ തേച്ചു റാഹേലമ്മ കരയാന്‍ തുടങ്ങി.. "... ഇന്നിട്ടിപ്പോ ഇക്കാരൂല്ലാണ്ടായി...ന്നാപ്പോരെ..!!"

ദുരൂഹതകളുടെ ഊരാക്കുടുക്കുക്കള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന സംഭവങ്ങളില്‍ നിന്ന് എന്ത് എഴുതണമെന്നറിയാതെ കടവില്‍ നിന്നും തീരാ ദു:ഖത്തിന്റെ നിലയില്ലാ കയത്തില്‍ റാഹേലമ്മയെ തനിച്ചാക്കി ദീപയോടു പോവാമെന്നു ആംഗ്യം കാണിച്ചു ഭരണിയില്‍ നിന്ന് രണ്ടു നെല്ലിക്കയെടുത്ത് അന്‍പത് രൂപയുടെ നോട്ടു റാഹേലമ്മയുടെ കയ്യില്‍ വെച്ചുകൊടുത്ത് പടിയിറങ്ങുമ്പോള്‍ രൂപയുടെ നാലരികും തപ്പി നോക്കി പുക നിറഞ്ഞ കാഴ്ചയിലൂടെ ഉറപ്പു വരുത്തിയതിനു ശേഷം കോന്തലയില്‍ സൂക്ഷിച്ചിരുന്ന കുട്ടി സഞ്ചിയില്‍ നിന്നും ബാക്കി തരാനുള്ള ചില്ലറ പരതിക്കൊണ്ടു ആരോടെന്നില്ലാതെ റാഹേലമ്മ "ഇക്കാരൂല്ലാണ്ടായി.." എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു....

Saturday, 15 January 2011

അവിചാരിതം

അവിചാരിതമായി ലഭിച്ച സ്ഥലംമാറ്റം അലോസരപ്പെടുത്തിയത് അന്തിയുറങ്ങാന്‍ ഒരിടം തരപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു.. എന്റെ ശീലങ്ങള്ക്കനുയോജ്യമായഒരു മുറിയെ കുറിച്ച് പറഞ്ഞു തന്നത് വളരെ അടുത്ത ഒരു സുഹൃത്തും..
“നാല്പത്‌ വര്ഷത്തോളമായി പ്രവാസജീതം നയിക്കുന്ന ഹാജിക്ക.. നാട്ടിലോ ഇവിടെയോ സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത ആര്ക്കോ വേണ്ടി ജീവിക്കുന്ന ഒരു മഞ്ചേരിക്കാരന്‍.. മുറിയില്‍ തനിയെ താമസിക്കുന്നു..
വിശേഷണങ്ങള്‍ കേട്ടപ്പോള്‍ കൂടുതലായൊന്നും ചിന്തിച്ചില്ല.. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ സ്വകാര്യങ്ങളായ ചിന്തകളുമായി കാടുകയറാന്‍ പറ്റിയ വാസസ്ഥലമെന്നു മനസ്സില്‍ ഉറപ്പിച്ച് മറ്റുള്ള നടപടികളിലേക്ക്‌ കടന്നു...
പുസ്തകങ്ങളും വസ്ത്രങ്ങളും അടക്കിവെച്ച ട്രോളിബാഗും വലിച്ച് മുറിയിലേക്ക്‌ കടന്ന്‍ ചെല്ലുമ്പോള്‍ എന്നെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹാജിക്ക… കള്ളിമുണ്ടും അങ്ങിങ്ങായി കീറിയ അരകയ്യന്ബനിയനും ധരിച്ച ഹാജിക്കാക്ക്‌ സമാധാനം നേര്ന്ന്‍കൊണ്ട് ഹസ്തദാനം ചെയ്തു.
-“മുസ്തഫയുടെ വീട് കുന്നംകുളത്ത് എവിടാന്നാ പറഞ്ഞെ.? ഹാജിക്ക തുടക്കം കുറിച്ചു..
“കുന്നംകുളത്ത് നിന്ന് ആറുകിലോമീറ്ററോളം പോണം... കൊച്ചനൂര്‍ എന്ന് പറയും.
“പണ്ട്‌ ഉപ്പാക്ക് കച്ചോടമൊക്കെ ഉണ്ടാര്ന്ന കാലത്ത്‌ കുന്നംകുളത്ത്‌ വരാറുണ്ട്... ഇപ്പൊ കുന്നംകുളം പോയിട്ട് ജനിച്ച നാടായ മഞ്ചേരി തന്നെ കണ്ടിട്ട് കാലം ഇമ്മിണി ആയക്ക്ണ്..
അപരിചിത്വത്തിനിടയിലെ അത്ഭുതമുളവാക്കുന്ന വാക്കുകള്‍.. മനസ്സില്‍ തികട്ടിവന്ന ചോദ്യങ്ങള്‍ ഒരു ചിലന്തിവലയില്‍ അകപ്പെട്ടപോലെ ഉത്തരമെന്ന പ്രാണനുവേണ്ടിപിടഞ്ഞു..
മുറി നിറയെ ഒരു വാസന തൈലത്തിന്റെ മണമുണ്ടായിരുന്നു
എന്റെ ജീവിതത്തിന്റെ താളമെന്നു ഞാന്‍ വിശേഷിപ്പിക്കുന്ന മൊബൈല്‍ ശബ്ദിച്ച് കൊണ്ടിരുന്നു… ഭാര്യയാണ്.. "എന്താ ഇക്കാ വിളിക്കാമെന്നു പറഞ്ഞിട്ട്.. പുതിയ റും ഇഷ്ടായോ?
“ഇപ്പൊ വന്നു കയറിയതെയുള്ളു... ഇഷ്ടായി.. നാളെ രാവിലെ വിളിക്കാം..” എന്ന് പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു.
കട്ടിലിനോട് ചെര്ത്തിട്ടിരുന്ന ചെറിയ മേശപ്പുറത്ത് നിരത്തിവെച്ച മരുന്നുകളുടെ കൂട്ടത്തില്‍ നിന്ന് ഓരോന്നെടുത്ത് കഴിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ഹാജിക്ക തുടര്ന്നു .
“ഒറ്റയ്ക്ക് താമസിക്കനായിരുന്നു ഇഷ്ടം പക്ഷെ പ്രായവും ദീനവും കൂടിയപ്പോള്‍ ഒരാള്‍ കൂടെ ഉണ്ടാവുന്നതല്ലെ നല്ലത് എന്ന് തോന്നി...”
“ഹാജിക്കാക്ക്‌ ഭാര്യയും കുട്ടികളും..?” മുഖഭാവം കണ്ടപ്പോള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. ഒരു ദീര്ഘാമായ നിശ്വാസം മാത്രമായിരുന്നു മറുപടി...പിന്നെ തലയിണ ചുമരിനോട് ചാരിവെച്ചു കൊണ്ട് കട്ടിലില്‍ കാലു നിവര്ത്തി ഇരുന്ന് തലയിലെ കൊഴിഞ്ഞുപോവാതെ അവശേഷിച്ചിരുന്ന നരച്ച കുറ്റിരോമങ്ങളെ വലത് കൈയ്യാല്‍ ഉഴിഞ്ഞ്‌ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു..
“സ്വന്തമാല്ലാത്തത് കൈവശം വെക്കുന്നത് ശെരിയല്ലല്ലോ.. അപ്പൊ ഓൾടെ കുട്ടീനേം ഓളേം വേണ്ടാന്നു വെച്ചു.... സത്യം പറഞ്ഞാല്‍ അവര്ക്കൊരു നല്ല ജീവിതം കൊടുത്തൂന്ന്‍ പറയുന്നതാവും ശെരി... നമ്മളൊക്കെ നേടാനുള്ള പരക്കം പാച്ചിലിനിടയില്‍ അവനവന്റെ ജീവിതം മറന്നു പോവുന്നവരാ..” ശീതികരിച്ച മുറിയിലും ഹാജിക്കാടെ നെറ്റിയില്‍ നിന്ന് വിയര്പ്പ് പൊടിയുന്നുണ്ടായിരുന്നു..
“ആട്ടെ... മുസ്തഫ ഇപ്പൊ എത്ര കൊല്ലായി ഇവിടെ..?”
“പതിനഞ്ചു കൊല്ലം..!”
“കിടപ്പാടം വല്ലതും ഉണ്ടാക്ക്യാ..”
“ഉണ്ടാക്കാന്‍ ലോണ്‍ എടുക്കാനുള്ള ഏര്പ്പാടുകള്‍ നടക്കുന്നു..”
“ഇതാ ഞാന്‍ പറഞ്ഞു വരുന്നെ... സ്വന്തായിട്ടു വല്ല ഭൂസ്വത്തും ഉണ്ടെങ്കില്‍ അത് വിറ്റ് കിടപ്പാടണ്ടാക്കാനുള്ള ഏര്പ്പാടു നോക്കണം... ഇനി ലോണെടുത്ത് വീട് വെച്ച് അതൊക്കെ തിരിച്ചടച്ചു വരുമ്പോള്‍ പിന്നെന്ത്‌ ജീവിതാ ബാക്ക്യുണ്ടാവ..! പോരാത്തതിന് പലിശയും.. ഇഹലോകത്തും പരലോകത്തും ജീവിക്കാന്‍ പറ്റാണ്ടാവും..” എന്ത് പറയണമെന്നറിയാതെ ഞാന്‍ ഹാജിക്കാടെ ആശകളസ്തമിച്ച മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു..
കീറിയ ബനിയന്റെ കഴുത്ത് വലിച്ച് താഴോട്ട് മാറ്റി നെഞ്ചിലെ ഏതോ സര്ജറിയുടെ വലിയ മുറിപ്പാടു കാണിച്ച് ഹാജിക്ക തുടര്ന്നു .. “ദാ ഇത് കണ്ടോ.. നഷ്ടപ്പെട്ട ജീവിതത്തിന്റെ. അടയാളമാണ്.. ആദ്യമൊക്കെ ഒരു വിങ്ങലായിരുന്നു നെഞ്ചിനുള്ളില്‍.. പിന്നെ പണിമുടക്ക് നടത്തിയപ്പോള്‍ കത്തിവെക്കേണ്ട ഗതി വന്നു.. ഇപ്പൊ ചോറിനെക്കാള്‍ പെരുത്ത് ഗുളികേളാ തിന്നാന്‍...” എന്ന് പറഞ്ഞു ജഗ്ഗില്‍ നിറച്ചു വെച്ചിരുന്ന വെള്ളം പകുതിയിലധികവും അകത്താക്കി കിതച്ച് കൊണ്ടിരുന്നു..
“വന്നു കയറിയ അന്നുതന്നെ ഞാന്‍ ആവലാധികള്‍ പറഞ്ഞ് ഇയാളെ വിഷമിപ്പിച്ചു.. കണ്ടപ്പോള്‍ എന്തോ ഒരു അടുപ്പം തോന്നി അതോണ്ടാ..” പിന്നെ ടൈംപീസില്‍ സമയം നോക്കി അലാറം സെറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.. “നേരം കൊറേ ആയി... കെടന്നൊറങ്ങാന്‍ നോക്കാം.. ”
ലൈറ്റണക്കുന്നതിന് മുന്നെ ചുമരില്‍ ചുവന്ന മഷികൊണ്ട് കുറിച്ചിട്ട ടെലെഫോണ്‍ നമ്പര്‍ കാണിച്ച് കൊണ്ട് ഹാജിക്ക പറഞ്ഞു.. “ദുനിയാവില് ആര്ക്കാ.. എന്താ.. എപ്പഴാ സംഭാവിക്കാന്നു പറയാന്‍ പറ്റില്ല.. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ നമ്പരിലേക്ക് വിളിച്ച് പറയണം..”
ആരുമില്ലാത്ത ഹാജിക്കാടെ വിവരങ്ങള്‍ ആരോടായിരിക്കും പറയാനുണ്ടാവുക.. മനസ്സിനെ വല്ലാതെ വ്യാകുലപ്പെടുത്തുന്ന വ്യക്തിത്വം..


ജനല്‍ വിരിക്കുള്ളിലൂടെ അരിച്ചു വരുന്ന തെരുവ്‌ വെളിച്ചത്തില്‍ ചുമരില്‍ കുറിച്ചിട്ട നമ്പറുകള്ക്ക് ജീവന്‍ കൈവരിക്കുന്നത് പോലെ തോന്നി... വിവിധ വര്ണ്ണങ്ങളില്‍ ഓരോ അക്കങ്ങള്‍ മുറിക്കുള്ളില്‍ ഒരു ചിത്രശലഭത്തെ പോലെ പറന്നു കളിച്ചു കൊണ്ടിരുന്നു.. പിന്നെ ചുവപ്പുവര്ണ്ണത്തിലുള്ള ഒരു വ്യാളിയായ് തീ തുപ്പിക്കൊണ്ട് എന്റെ നേര്ക്ക് ‌ പറന്നടുത്തു..
... “ഇച്ചിരി വെള്ളം താരോ..” ഹാജിക്കയാണ്... ജഗ്ഗിലെ വെള്ളം കയ്യില്‍ എടുത്ത്‌ കൊടുക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു... നെറ്റിയിലെ വിയര്പ്പ് തുള്ളികള്ക്ക് രക്തനിറം.. മുറിനിറയെ ചോരയുടെ മണം... പിന്നെ ചലനമറ്റു കിടക്കുന്ന ഹാജിക്കയുടെ വായില്‍ നിന്നും ഒരു നീല പുക പറന്നുയരുന്നു.. ഞാന്‍ ഹാജിക്കയെ കുലുക്കി വിളിച്ചപ്പോള്‍ ആ ശരീരത്തില്‍ നിന്നും ഒരു തണുപ്പ് കൈകളിലൂടെ പടര്ന്നു കയറി.. മരണം നടന്നിരിക്കുന്നു... എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്കുമ്പോള്‍ ചുമരില്‍ കുറിച്ചിട്ട ചുവന്ന അക്കങ്ങളില്‍ കണ്ണുകളുടക്കി... ഹാജിക്കയുടെ അവസാനത്തെ ആഗ്രഹം... വിറയാര്ന്നച കൈവിരലാല്‍ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ ആരായിരിക്കും ഫോണ്‍ എടുക്കുക എന്ന ആകാംക്ഷ... മുറിഞ്ഞും പാടുപ്പെട്ടും മറുഭാഗത്തെ മണിയടിക്കൊടുവില്‍ ഒരു ഗുഹയില്‍ നിന്നെന്ന പോലെ പ്രതിധ്വനി നിറഞ്ഞ ശബ്ദം...
“പെരുത്ത് സന്തോഷായി മുസ്തഫാ.. എന്റെആഗ്രഹം സാധിപ്പിച്ചു തന്നല്ലോ..” മറുഭാഗത്ത്‌ ഹാജിക്കയാണ്..എന്റെ തൊണ്ട വരളുന്നത് പോലെ തോന്നി.. ഉറക്കെ നിലവിളിക്കാന്‍ പോലും കഴിയാതെ ഞാന്‍ പിടഞ്ഞു..
ഉണര്ന്നെണീറ്റ കണ്ണുകള്‍ ഇരുട്ടിലേക്ക് തുറന്നു.. എല്ലാം സ്വപ്നമായിരിക്കണേ എന്ന പ്രാര്ത്ഥയനയോടെ മുരടനക്കി മെല്ലെ ഹാജിക്കയെ വിളിച്ച് നോക്കി.. പ്രതികരണമില്ലാത്ത വിളികലായിരുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്ക് അധിക സമയം വേണ്ടിവന്നില്ല... തുറന്നിരിക്കുന്ന വായയും കണ്ണും..... മുറിനിറയെ വാസന തൈലത്തിന്റെ സുഗന്ധവും... മുറിയിലെ നിറഞ്ഞ വെളിച്ചത്തില്‍; ഈ നമ്പര്‍ നിലവിലില്ല എന്ന് പലവട്ടം മൊഴിഞ്ഞ ചുമരില്‍ കുറിച്ചിട്ട ചുവന്ന നിറമുള്ള നമ്പറിലെ അക്കങ്ങള്‍ വിറച്ച് കൊണ്ട് നില്ക്കുന്നത്‌ പോലെ എനിക്ക് തോന്നി....
**************

ചിത്രങ്ങള്ക്ക് കടപ്പാട് : ഗൂഗിള്‍