Saturday, 23 July 2011

കടവ്

പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പേരില്‍ ഞങ്ങളെ തേടിയെത്തുന്ന ഭീഷണികളും വക്കീല്‍ നോട്ടീസുകളും ഒരു പ്രാദേശീക പത്ര നടത്തിപ്പിന്റെ വ്യാകുലതകളായി മാറിക്കൊണ്ടിരിക്കുംമ്പോഴായിരുന്നു വെറും മാര്‍ക്കറ്റിംഗില്‍ മാത്രം ശ്രദ്ധിച്ചിരുന്ന എന്നോടു വാര്‍ത്തകളില്‍ കൂടി ശ്രദ്ധ കീന്ദ്രീകരിക്കണമെന്നു സ്ഥാപനത്തിന്റെ നെടുംത്തൂണായ ശേഖര്‍ജി ആവശ്യപ്പെട്ടത് ..വലിയൊരു ഭാരം തലയില്‍ വെച്ചു തന്നത് പോലെയാണ് എനിക്ക് തോന്നിയത് ..

അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാവുംപോള്‍ അടുത്തിടപഴകിയവരില്‍ നിന്നു പോലും ഭീഷണിയുടെ സ്വരവും ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരുന്നുള്ള മര്‍ദ്ദനവും... അത്തരമൊരു മര്‍ദ്ദനത്തിനു വാര്‍ത്തയില്‍ ലവലേശം കള്ളമില്ലാതിരുന്നിട്ടു കൂടി ശേഖര്‍ജി ഇരയാവേണ്ടി വന്നതിന്റെ അനന്തരഫലമാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്ന പുതിയ ജോലി.. കേവലമൊരു പ്രാദേശീക പത്രത്തിന്റെ ശില്‍പ്പികളില്‍ ഒരാളാണെന്ന ഖ്യാതി എനിക്കെന്നേ ലഭിച്ചിരുന്നു. കുടുംബ കലഹങ്ങള്ക്ക് പോലും വാര്‍ത്താപ്രാധാന്യം കൊടുക്കുന്നവരാണെന്നു പറഞ്ഞ് ഞങ്ങളില്‍ നിന്നു കുറച്ചകലം സൂക്ഷിക്കുകയും "മിണ്ടല്ലെ നാളെ വാര്ത്തയായ് മാറിയേക്കാം" എന്ന രഹസ്യം പറച്ചിലും മനസ്സിന് സ്വല്പം വേദന നല്കാതിരുന്നില്ല..


"തെരുവ് ബാലന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു" എന്ന തലക്കെട്ട് കൊടുത്ത കന്നിവാര്ത്തയോടെ ഞാന്‍ തുടക്കം കുറിച്ചപ്പോള്‍ "കൊള്ളാം...! മരണം ശുഭലക്ഷണമാണ് ഇനി താന്‍ നന്നായിക്കോളും" എന്ന് നീട്ടിവളര്‍ത്തിയ താടിയുഴിഞ്ഞുക്കൊണ്ട് ശേഖര്‍ജി പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്... "ലക്ഷണങ്ങളിലും വിധികളിലും വിശ്വസിക്കാന്‍ ഇരുട്ടടി കാരണമായോ ശേഖര്ജീ.." എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ബഹുമാനം കൊണ്ടു വേണ്ടെന്നു വെച്ചു.. പ്രൂഫ്‌ റീഡിംഗിനിടയില്‍ ദീപയും ചിരി അടക്കിപ്പിടിക്കാന്‍ പാടുപ്പെടുന്നുണ്ടായിരുന്നു...
"ഇയാള്‍ക്ക് തെരുവ് ബാലന്റെ വീടെവിടാന്നറ്യോ..?" ഷാര്പ്നെര്‍ കൊണ്ടു പെന്‍സിലിന്റെ മുന ശെരിപ്പെടുത്തിക്കൊണ്ട് ദീപ ചോദിച്ചു...
സത്യത്തില്‍ വാര്‍ത്തയില്‍ പരാമര്‍ശിക്കാന്‍ ഞാന്‍ വിട്ടുപോയിരുന്ന കാര്യമായിരുന്നു അത് ... "ഞങ്ങള്‍ടവിടെ ഒരു റാഹേലമ്മയുണ്ട് , അവരുടെ ഭ്രാന്ത് മൂത്ത് ചത്ത മകളുടെ കുട്ട്യാ.." ദീപയുടെ വിവരണം വാര്ത്തയുടെ പിന്നാമ്പുറങ്ങളിലെ കഥ അറിയാനുള്ള ആകാംക്ഷയുണര്ത്തി..
".....ചിരുതപ്പുഴയിലെ കടത്തുകാരി റാഹേലമ്മ... മിശ്ര വിവാഹത്തിലൂടെ വിവാദം സൃഷ്ടിച്ച സഖാവ് സുകുമാരന്റെ ഭാര്യാന്നു പറഞ്ഞാല്‍ ഒരു പക്ഷെ അറിയുമായിരിക്കാം.." ഇടതു പക്ഷ പ്രസ്ഥാനത്തിലൂടെ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന ദീപയുടെ സ്വരത്തിന് ഒരു ആധികാരിക ചുവയുണ്ടായിരുന്നു.. "പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച സുകുമാരന്റെ പ്രിയ പത്നി പുഴക്കടവിലെ കൂരയില്‍ ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വന്നപ്പോള്‍ അത്താണിയായത് കടത്ത് തോണിമാത്രം..സുകുമാരേട്ടനെ ഒര്മിക്കനായ് റാഹേലമ്മയുടെ ഉദരത്തില്‍ ബാക്കിവെച്ച; മകള്‍ ജനിച്ചു വളര്‍ന്നു പക്വത കൈവരിക്കുന്നതിന് മുന്നെ പിതൃത്വത്തിന്റെ അവകാശി ആരെന്നു പറഞ്ഞ് കൊടുക്കാന്‍ കഴിയാത്ത ഒരു സന്താനത്തിന് ജന്മം നല്‍കി മുഴുഭ്രാന്തിന്റെ ആവരണത്തിലേക്ക് ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടു.. ഒടുവില്‍ നിറഞ്ഞൊഴുകുന്നചിരുതപ്പുഴായിലൊരു നാള്‍ മുങ്ങി ചത്തു.. " ദീപ കൂജയില്‍ നിന്നു വെള്ളമെടുത്ത് കുടിക്കുന്നതിനിടയില്‍ " ഭാഷ കലക്കി ദീപാ... താനീ മുസ്തഫയെ കുഴിമടിയനാക്കല്ലേ.. വാര്‍ത്തകള്‍ പുറത്ത് പോവാതെ തന്നെ ഒപ്പിച്ചെടുകാനുള്ള ഉത്സാഹം കണ്ടില്ലേ.." എന്ന ശേഖര്ജിയുടെ പരിഹാസത്തില്‍ എല്ലാവരും ചിരിച്ചെങ്കിലും മനസ്സിലെങ്ങോ റാഹേലമ്മ ഒരു വേദനയായ് കുടിയേറി.. "എങ്കില്‍ ഞാന്‍ നിറുത്തി; മുസ്തഫയ്ക്ക് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍; നാളെ ഞായറാഴ്ചയല്ലേ നേരെ വീട്ടിലേക്കു പോന്നോളൂ... നമുക്ക് വിശദമായി അന്വേഷിക്കാം.."
ദീപയുടെ ക്ഷണം രസിക്കാത്തത് കൊണ്ടാവാം ശേഖര്‍ജി പ്രതികരിച്ചു... "അതെന്തെടോ അങ്ങനെ..?"
"ശേഖര്‍ജിയെ വിളിക്കണമെങ്കില്‍ സദ്യവട്ടങ്ങളൊരുക്കണം, മുസ്തഫയ്ക്ക് ഊണിന്റെ കൂടെ കുറച്ച് മോരും ചമ്മന്തിയും ഉണ്ടെങ്കില്‍ കാര്യം നടക്കും.."
"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം അല്ലെ ദീപാ..?" ശേഖര്‍ജി കൂട്ടിച്ചേര്‍ത്തു.


പഠിക്കുന്ന കാലത്ത് എന്റെ പൊതിച്ചോറ് കട്ട് തിന്നിരുന്ന ദീപക്ക് എന്റെ വിഭവങ്ങളെ മറക്കാന്‍ കഴിയാത്തത് കൊണ്ടാവണം അവളുടെ വീട്ടില്‍ പോവേണ്ടിവന്നപ്പോഴെല്ലാം ഒരു പ്രായശ്ചിത്വമെന്നവണ്ണം വിഭവങ്ങള്‍ കൊണ്ട് എന്നെ സല്ക്കരിച്ചിരുന്നത് ...
"കേള്‍ക്കണോ ശേഖര്ജീ, പഠിക്കുന്ന കാലത്ത് സസ്യഭുക്കായ പുസ്തകപ്പുഴുവിന് ഞങ്ങള്‍ ഒരു പേരിട്ടിരുന്നു; മാപ്പ്ലപട്ടര് എന്ന്..." ശേഖര്ജിയുടെ ചിരി ഓഫീസിനുള്ളില്‍ മുഴങ്ങിക്കൊണ്ട് ചുമയില്‍ പര്യവസാനിച്ചു..
ഒഴിവു ദിവസങ്ങള്‍ക്ക് പരാതികളുടെയും കുറ്റപ്പെടുത്തലുകലുടെയും അസ്വസ്ഥതയുളവാക്കുന്ന ഒരു പകലിനെയാവും സമ്മാനികാനുണ്ടാവുക എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധ്യമുള്ളത് കൊണ്ട് നേരത്തെ തന്നെ ദീപയുടെ വീട്ടിലേക്കു പുറപ്പെട്ടു..വഴിനീളെ ദീപയെ കുറിച്ചുള്ള ചിന്തകളായിരുന്നു.. എന്റെ എഴുത്തും വായനയും അറിയാന്‍ ഇടയായപ്പോള്‍ റഷ്യന്‍ നോവലുകളുടെയും കഥകളുടെയും മലയാള വിവര്‍ത്തനങ്ങള്‍ നല്‍കി സൗഹൃദം തുടങ്ങിയവള്‍... ആദ്യം തന്ന പുസ്തകം മാക്സിം ഗോര്‍ക്കിയുടെ 'അമ്മ'യായിരുന്നു.. സൌഹൃദത്തിനിടയില്‍ ആദ്യമൊക്കെ അരോചകമായി തോന്നിയിരുന്ന മാപ്ലപട്ടര് വിളി പിന്നെ ഒരു രസമായി മാറി..ചിന്തിച്ചിരുന്നു സ്ഥലം എത്തിയതറിഞ്ഞില്ല.. കണ്ടക്ടര്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോള്‍ പന്തലിച്ചു നില്‍കുന്ന പാലമരചോട്ടില്‍ ബസ്സിറങ്ങി. വരുമെന്നറിയിച്ചത് കൊണ്ടാവണം ദീപ കാത്തു നില്‍കുന്നുണ്ടായിരുന്നു..ചിരുതപ്പുഴക്ക്‌ മുകളിലൂടെ ഉള്ള പാലത്തിലൂടെ നടക്കുമ്പോള്‍ ദീപ പറഞ്ഞു "ഇതാണ് റാഹേലമ്മയെ പട്ടിണിയിലാക്കിയ പാലം... താന്‍ വിശ്വസിച്ചിരുന്ന പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ നാടിന്റെ വികസനത്തിനു വേണ്ടി പണിക്കഴിപ്പിച്ച പാലം.."

റാഹേലമ്മയെ സ്നേഹിച്ചിരുന്നത് കൊണ്ടാവണം പാലത്തിനോട്‌ പകപോക്കാനെന്ന വണ്ണം പുഴ സ്വയം ഉള്വലിഞ്ഞതെന്നു എനിക്ക് തോന്നി.. വറ്റിവരണ്ട പുഴയില്‍ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുകയും ഓരത്ത് ഉണങ്ങി നിന്നിരുന്ന വയല്‍ചുള്ളികളെ വട്ടമിട്ടു കൊണ്ട് തുമ്പികള്‍ പാറി പറക്കുകയും ചെയ്തിരുന്നു...
"... ദാ അതാണ്‌ റാഹേലമ്മയെയുടെ വീട്..." ചുറ്റും കമ്മ്യൂണിസ്റ്റ്‌ പച്ചയും ശീമകൊന്നയും നീലൂരിയും തഴച്ചു വളര്‍ന്നു നില്‍കുന്ന റോഡു വക്കിലെ വീടിനെ ചൂണ്ടി ദീപ പറഞ്ഞു...
റോഡിന്നഭിമുഖമായി വീടിനൊരുവശത്ത് ചാരിവെച്ചിരുന്ന ചിതല് കയറി തുരുമ്പെടുത്ത തോണിയില്‍ വെള്ളപൂശാനും അടുത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനര്തിയുടെ പേരും അടയാളവും രേഖപ്പെടുത്താനും റാഹേലമ്മയെ മറന്ന പാര്‍ട്ടി പ്രത്യേകം ശ്രദ്ദ കാണിച്ചിരികുന്നത് ഒരു കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ പോലെ തമാശയുളവാക്കി.. വീടിന്റെ ഉമ്മറത്തെ തിണ്ണയില്‍ നിരത്തി വെച്ചിരുന്ന ചില്ലു ഭരണിളിലായി ഉപ്പിലിട്ട മാങ്ങാപ്പൂളും നെല്ലിക്കയും വില കുറഞ്ഞ മിഠായികളും .. പിന്നെ അല്ലറ ചില്ലറ സാധനങ്ങളും, ഞാന്‍ കൌതുകത്തോടെ അവയെല്ലാം നോക്കി നില്‍ക്കുന്നത് കണ്ടിട്ടാവണം "പാവത്തിന്റെ ഉപജീവന മാര്‍ഗമാണെന്ന്" ദീപ ഉണര്ത്തിച്ചത്..
പുറത്ത് ആളനക്കം കേട്ടിട്ടാവണം റാഹേലമ്മ; പീളകെട്ടിയ തിമിരം ബാധിച്ച കണ്ണുകളെ വിറയ്ക്കുന്ന കൈകളാലെ തിരുമ്മി ശുഷ്കിച്ച ശരീരവുമായി വേച്ചു വേച്ചു നടന്നടുത്ത് ചിലമ്പിച്ച ശബ്ദത്തില്‍ ചോദിച്ചു... " ആരാ... എന്താ വേണ്ട്യേത്..?"
എങ്ങിനെ തുടങ്ങണമെന്നറിയാതെ ഞാന്‍ ദീപയെ നോക്കി
"അമ്മച്ച്യെ.., ഞാന്‍ പാല്‍ക്കാരന്‍ വേലൂന്റെ മോളാ.."
"ദാപ്പോ നന്നായെ..! മ്മടെ ദീപക്കുട്ട്യോ..! ആട്ടെ ആരാ കൂടെ..?"
"ഇത് മുസ്തഫ.. എന്റെ കൂടെ ജോലി ചെയ്യുന്ന ആളാ.." ദീപ എന്നെ പരിചയപ്പെടുത്തി..

"ഹ്ആ...പ്രായത്തിന്റെ വെവെരകെടോണ്ട് വേണ്ടധീനങ്ങളൊക്കെ ചെയ്തു ഒടയമ്പ്രാന്‍ തന്ന ജീവിതം കുട്ടിച്ചോറാക്കരുത്ട്ടാ കുട്ട്യേളെ.." - അത് എന്ത് ഉദ്ദേശിച്ചാവും പറഞ്ഞിട്ടുണ്ടാവുക എന്ന് മനസ്സിലാവാതെ ഞാനും ദീപയും പരസ്പരം നോക്കി.. ഒരു പക്ഷെ ദീപയുടെ കൂടെയുള്ള ഞാന്‍ മറ്റൊരു ജാതിക്കരനാനെന്നറിഞ്ഞപ്പോള്‍ സ്വന്തം ജീവിതത്തെ ഓര്‍ത്ത് പറഞ്ഞതാവാം..

"എന്റെ കുട്ടിനെ കൊന്നോനെ വല്ല പിട്യും കിട്ട്യോ മോളെ..?" പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു തരം വീര്‍പ്പുമുട്ടലിനിടയില്‍ മരിച്ച കുട്ടിയെ കുറിച്ച് ഞാന്‍ ചോദിക്കാന്‍ ഒരുങ്ങുംപോഴയിരുന്നു റാഹേലമ്മയുടെ ചോദ്യം
വെറുമൊരു വാര്‍ത്തക്ക് വേണ്ടി മാത്രം അറിഞ്ഞ; വായില്‍ തുണി തിരുകി പിന്നിലേക്ക്‌ കെട്ടിയ കൈകളുമായി പൊട്ടക്കുളത്തില്‍ പൊങ്ങികിടന്നിരുന്ന കുട്ടിയുടെ ചിത്രം മനസ്സിനെ അലോസരപ്പെടുത്തി..
"...ഒരുപകാരമില്ലേലും... ഒന്നോ രണ്ടോ ദെവസം കൂടുമ്പോ ഇവ്ടെ കേറി വരും.., അപ്പൊ തന്നെ പോവേം ചെയ്യും... ഓന്റെ തന്ത രാത്രീലാ പൊറത്തെറങ്ങൂന്ന് ഏതോ എരണം കെട്ടവന്‍ പറഞ്ഞോടുത്തെപ്പിന്നെ വല്ല പീട്യേ കോലാമ്മലാണത്രെ ഓന്‍ കെടന്നൊറങ്ങാറ്... തന്തേന്നു പറഞ്ഞു അവകാശം സ്ഥാപിക്കാന്‍ ചെന്നാല്‍ നെലേംവേലേംള്ള ആള്‍കാര് വെറുതെ വിട്വോ..?

റാഹേലമ്മയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു... കാരണമറിയാത്ത ദു:ഖത്തിന്റെ വീര്‍പ്പുമുട്ടല്‍ തൊണ്ടയില്‍ കുടുങ്ങി ഞാനറിയാതെ ഒരു നെടുവീര്പായ് മാറി.. റാഹേലമ്മയോട് ഒന്നും ചോദിക്കാതെ തന്നെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. "ഒക്കെന്റെ വിധ്യാവും...ഇല്ലെങ്കി പിന്നെ ഇക്കീഗതി വര്വോ..!ഇദ്പ്പോ കേസാക്കാനും പിന്നാലെ ഓടാനും ഇന്നെക്കൊണ്ട് കൂട്ട്യാ പറ്റോ..! ന്റെ കൂരെന്നു ഒരു നെലോളി കേട്ടാല്‍ പോലും ഓടിവരാനാരൂല്ല..! കടവില് വഞ്ചിണ്ടാര്‍ന്ന കാലത്ത് ആര് കൂകി വിളിച്ചാലും അക്കരേന്നു ഇക്കരേക്കും.... ഇക്കരേന്നു അക്കരേക്കും എത്ര വഞ്ച്യും തൊഴഞ്ഞു ഓട്യെതാ..." സംസാരത്തിന്റെ പ്രത്യേക രീതിയിലുള്ള താളം മുറിഞ്ഞ് മൂക്ക് പിഴിഞ്ഞ് ചുമരില്‍ തേച്ചു റാഹേലമ്മ കരയാന്‍ തുടങ്ങി.. "... ഇന്നിട്ടിപ്പോ ഇക്കാരൂല്ലാണ്ടായി...ന്നാപ്പോരെ..!!"

ദുരൂഹതകളുടെ ഊരാക്കുടുക്കുക്കള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന സംഭവങ്ങളില്‍ നിന്ന് എന്ത് എഴുതണമെന്നറിയാതെ കടവില്‍ നിന്നും തീരാ ദു:ഖത്തിന്റെ നിലയില്ലാ കയത്തില്‍ റാഹേലമ്മയെ തനിച്ചാക്കി ദീപയോടു പോവാമെന്നു ആംഗ്യം കാണിച്ചു ഭരണിയില്‍ നിന്ന് രണ്ടു നെല്ലിക്കയെടുത്ത് അന്‍പത് രൂപയുടെ നോട്ടു റാഹേലമ്മയുടെ കയ്യില്‍ വെച്ചുകൊടുത്ത് പടിയിറങ്ങുമ്പോള്‍ രൂപയുടെ നാലരികും തപ്പി നോക്കി പുക നിറഞ്ഞ കാഴ്ചയിലൂടെ ഉറപ്പു വരുത്തിയതിനു ശേഷം കോന്തലയില്‍ സൂക്ഷിച്ചിരുന്ന കുട്ടി സഞ്ചിയില്‍ നിന്നും ബാക്കി തരാനുള്ള ചില്ലറ പരതിക്കൊണ്ടു ആരോടെന്നില്ലാതെ റാഹേലമ്മ "ഇക്കാരൂല്ലാണ്ടായി.." എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു....

58 comments:

മുസ്തഫ പെരുമ്പറമ്പത്ത് said...

കണ്ണൂരാന്റെ വധ ഭീഷണിയെ തുടര്‍ന്നു പോസ്റ്റുന്നതാണ് ഇത്.. ഈ കഥ വര്‍ത്തമാനം പത്രത്തിലും പുഴ.കോമിലും മുന്നേ പ്രസിദ്ദീകരിച്ചിട്ടുള്ളതാണ്‌ എന്ന് ഒരു കാരണവശാലും പുള്ളി അറിയരുത്..!
അഭിപ്രായം കുറിക്കാന്‍ മറക്കരുതേ....

yousufpa said...

കഥയോ യാഥാർത്ഥ്യമോ അറിയില്ല..നന്നായിരിക്കുന്നു എഴുത്ത്.
പിന്നെ, ആ പത്രം ഇന്ന് വലിയ സ്ഥിതിയിൽ ആണ്‌.ദിനപത്രം ആകാൻ പോകുന്നു.

Ashraf Ambalathu said...

കഥയായാലും അനുഭവമായാലും, നന്നായി അവതരിപ്പിച്ചു.
എന്റെ ഹൃദ്യമായ ആശംസകള്‍.

പൊന്നൂസ് said...

ആദ്യം ഞാന്‍ അഭിപ്രായം കുറിക്കാന്‍ ഒരുങ്ങി വന്നപ്പോള്‍ ഞാന്‍ മൂന്നാം സ്ഥാനത്തായി... സാരല്ല...!!
ഇക്കാടെ കഥ വായിക്കുമ്പോള്‍ ഒരു തരം വേദനയാ ഉള്ളില്‍...! എഴുത്ത്‌ കാരന്റെ കഴിവ് കൊണ്ടു തന്നെയല്ലേ വായനക്കാരന് അങ്ങിനെ ഒരു അനുഭവം ഉണ്ടാവുന്നത്...! ഇതൊക്കെ ഒരു പുസ്തകമാക്കി എനിക്ക് ഒരു നിധിയായ്‌ സൂക്ഷിക്കണം...!
എന്റെ ഇക്കാക്ക് അതിനു കഴിയും....! കഴിയട്ടെ..!

Echmukutty said...

എത്ര തരം ജീവിതാവസ്ഥകൾ....വേദനിപ്പിയ്ക്കുന്ന എഴുത്ത്.

ഹാഷിക്ക് said...

നന്നായി അവതരിപ്പിച്ചു. കഥയാണോ അതോ യാഥാര്‍ത്യമോ?

mumsy-മുംസി said...

കഥ വായിച്ചു,ഇത് അത്ര നന്നായില്ല എന്നു തന്നെയാണ്‌ രണ്ടു തവണ വായിച്ചിട്ടും എനിക്ക് തോന്നുന്നത്. ( താങ്കള്‍ക്ക് ഇതിലും നന്നായി എഴുതാന്‍ കഴിയുമെന്ന് എനിക്കറിയാം. അതിന്‌ വധഭീഷണിയുടെ ആവശ്യമൊന്നുമില്ല :) ) മൂന്നാം തവണയാണ്‌ ഇത് പ്രസിദ്ധീകരിക്കുന്നത് എന്ന് എഴുതി കണ്ടു, ഇനിയും ഒരു തിരുത്തിയെഴുത്ത് ഈ കഥ ആവശ്യപ്പെടുന്ന പോലെ തോന്നി. വീണ്ടും എഴുതുക ...ഭാവുകങ്ങള്‍

മുസ്തഫ പെരുമ്പറമ്പത്ത് said...

അഭിപ്രായങ്ങള്‍ക്ക് നന്ദി..! ഉദാത്തമെന്നു അവകാശപ്പെടുന്നില്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളെ മാനിക്കുന്നു...
യഥാര്ത്യത്തിന്റെ കൂടെ ചില ചേരുവകള്‍ ചേര്‍ത്ത് ഒരു കഥ എഴുതിയതിനു സ്വീകരിച്ചു കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട് ...സഹകരണം തുടരുക...

comiccola / കോമിക്കോള said...

വളരെ നന്നായി, ആശംസകള്‍

ajith said...

വളരെ വളരെ ഇഷ്ടപ്പെട്ടു ഈ കഥ. ഇനിയൊന്നും കൂട്ടിച്ചേര്‍ത്ത് നന്നാക്കാനില്ലാത്തതുപോലെ നല്ലൊരു കഥ.

നെല്ലിക്ക (()) said...

കഥ ഇഷ്ട്ടായി. ഇനിയിത് നേരാണോ? ലാസ്റ്റ്‌ പാരഗ്രാഫില്‍ എന്റ പേര് കണ്ടപ്പോള്‍ സന്തോശംകൂടി.

ഇലഞ്ഞിപൂക്കള്‍ said...

നല്ല കഥ.. യാതാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന വായന സമ്മാനിച്ചു..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വളരെ ആകര്‍ഷണീയമായി എഴുതിയ ഒന്നാന്തരമൊരു കഥ.
എഴുത്തില്‍ bold, italic ഒഴിവാക്കിയിരുന്നെങ്കില്‍ വായനാ സുഖം ഉണ്ടായേനെ.

രമേശ്‌ അരൂര്‍ said...

മുസ്തഫ ..:)
കഥ മനസിരുത്തി വായിച്ചു ..ആദ്യമേ പറയട്ടെ ; ചരിഞ്ഞ അക്ഷരങ്ങള്‍ വായനയുടെ രസം കെടുത്തി .പ്രസിദ്ധീകരണങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ഫോണ്ടുകള്‍ തന്നെയാവും ബ്ലോഗിനും നല്ലത് .എഴുതിയ മാറ്ററുകള്‍ അച്ചടിയില്‍ മിഴിവാര്‍ന്നു നില്‍ക്കുമ്പോള്‍ ഭംഗിയും ഭാവവും മാറുന്നു എന്ന് തോന്നുന്നത് പോലെ കഥയും കവിതയും എല്ലാം ഉരുണ്ട അക്ഷരങ്ങളില്‍ തന്നെ വരട്ടെ .:)
മുംസി അഭിപ്രായപ്പെട്ടത് പോലെ ഈ കഥ ഇതിലും തീവ്രമായി എഴുതാമായിരുന്നു എന്നാണു എന്റെയും തോന്നല്‍ ...
റാഹേലമ്മ യുടെ കഥയ്ക്ക്‌ സമാന്തരമായി ദീപയുടെയും കഥാനായകന്റെയും മറ്റും ജീവിതവും പഠനകാലവും ഒക്കെ കയറിവന്നതാണ് കുഴപ്പമായതെന്ന് തോന്നുന്നു ..അത്തരം പരിചരണ രീതി നോവലുകള്‍ക്കും മറ്റുമാണ് ഇണങ്ങുക ..ചെറുകഥ യാവുമ്പോള്‍ (അങ്ങനെ ലേബല്‍ ഇല്ല ;പക്ഷെ ഒന്നാം കമന്റില്‍ ഉണ്ട് താനും ) ഒറ്റ ത്രെഡില്‍ തന്നെ കഥ വികസിക്കണം ...അതാണ്‌ വേണ്ടത് ...
തുടര്‍ന്നുള്ള കഥകളില്‍ ഈ നോട്ടപ്പിശക് ഉണ്ടാകാതിരിക്കട്ടെ ..ആശംസകള്‍ ..:)

മുസ്തഫ പെരുമ്പറമ്പത്ത് said...

വിലയേറിയ അഭിപ്രായത്തിനു നന്ദി പറയട്ടെ ...രമേശേട്ടനും ഇസ്മയില്‍ക്കയും പറഞ്ഞ പോലെ ബോള്‍ഡ്/ഇടലിക് എടുത്ത്‌ മാറ്റിയിരിക്കുന്നു ...
തുടര്‍ന്നുള്ള കഥകളില്‍ അഭിപ്രായങ്ങളെ മുഖവിലക്കെടുത്ത് എഴുതാന്‍ ശ്രമിക്കാം ....

വീ കെ. said...

ആശംസകൾ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അനുഭവം പോലെ പകർത്തിയിരിക്കുന്നൂ കേട്ടൊ ഭായ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കഥ ആണോ കാര്യം ആണോ എന്നറിയാതെ പകച്ചു പോയി :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ജീവിതഗന്ധിയായ കഥ.. നല്ല അവതരണം..ആശംസകൾ

കെ.എം. റഷീദ് said...

അനുഭവം കഥയായി എഴിതിയതാനെന്നു മനസ്സിലായി
നാനായി എഴുതി - ആശംസകള്‍
www.sunammi.blogspot.com

ജിമ്മി ജോൺ said...

കഥയല്ല്ലിത് ജീവിതം !!

കഥാകാരന് ആശംസകൾ..

K@nn(())raan*കണ്ണൂരാന്‍! said...

സംഭവം നന്നായി അവതരിപ്പിച്ചിരിക്കുന്നതില്‍ സന്തോഷമുണ്ടെങ്കിലും ഇടക്കുള്ള ചിത്രങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി. ചിത്രമുണ്ടെങ്കിലേ 'കഥ'യാവൂ എന്നില്ലല്ലോ.

@ മുംസി:
ഇക്കഴിഞ്ഞ ജനുവരിയില്‍ ഈ ബ്ലോഗറുടെതായി വന്ന ഒരു പ്രവാസിക്കഥ വായനക്കാരാല്‍ ശ്രദ്ധ നേടിയിരുന്നു. നൂറോളം കമന്റുകളും കിട്ടിയിരുന്നു. പിന്നെ ആളെക്കാണുന്നത് ഈയടുത്താ. എന്താ ഒന്നും എഴുതാത്തെ എന്ന് ചോദിച്ചപ്പോള്‍ അലസതയാണെന്ന് മനസിലായി. അതാ പോസ്റ്റ്‌ ഇടാന്‍ കണ്ണൂരാന് ഭീഷണിപ്പെടുത്തേണ്ടി വന്നത്.

(പോയാല്‍ ഒരു ഭീഷണി. കിട്ടിയാലൊരു പോസ്റ്റ്‌!)

**

ഒരു ദുബായിക്കാരന്‍ said...

ഹൃദയസ്പര്‍ശിയായ കഥ..പക്ഷെ അവസാനം തുടക്കത്തില്‍ ഉണ്ടായിരുന്ന ഒഴുക്ക് നഷ്ടപ്പെട്ടിരുന്നോ എന്നൊരു സംശയം..ചെറിയ ചെറിയ അക്ഷര തെറ്റുകളും ഉണ്ടായിരുന്നു..ഇതുപോലെയുള്ള നല്ല കഥകളുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.

താന്തോന്നി/Thanthonni said...

ഇത് വാസ്തവമോ ? നന്നായി എഴുതി എന്ന് പറയാന്‍ ഈയുള്ളവന്‍ ആര്? എഴുത്ത് എനിക്ക് ഇഷ്ടമായി.

മുസ്തഫ പെരുമ്പറമ്പത്ത് said...

@കണ്ണൂരാന്‍ :-പോസ്റ്റ്‌ ഇട്ടില്ല്ല എങ്കില്‍ കൊന്നു കളയും എന്ന വാക്ക്‌ നഷ്ടമായില്ല എന്ന് മനസ്സിലായില്ലേ.... നന്ദി..
കഥയോടൊപ്പം ചിത്രത്തിനും അനുവാചകരോടു എന്തെങ്കിലും സംവദിക്കാന്‍ ഉണ്ടെങ്കിലോ ...
അപ്പോള്‍ ചിത്രത്തെ പാടെ ഉപേക്ഷിക്കുന്നത് ബുദ്ദിയാണോ..?(ഇവിടെ അങ്ങിനെ ഒന്നുണ്ട് എന്ന് സമര്ത്തിക്കുകയല്ല...
നിങ്ങളെ പോലുള്ളവരുടെ സഹകരണം (ആത്മാര്ത്ത അഭിപ്രായങ്ങള്‍ )എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു...
കഥയില്‍ "വാസ്തവം" "ജീവിത ഗന്ധി" തുടങ്ങിയ അമ്ഗീകാരങ്ങള്‍ക്ക് ഒരു പാട് നന്ദി....
വിമര്‍ശനവും പ്രോത്സാഹനവും തുടരുക..!
ഇവിടെ ഞാന്‍ ചെയ്ത ജോലിയും ജോലി സ്ഥലവും ഒഴികെ വരുന്ന കഥാപാത്രങ്ങളും സംഭവങ്ങളും എന്റെ സൃഷ്ടിയാണെന്ന് തുറന്നു പറയട്ടെ...!

മുസ്തഫ പെരുമ്പറമ്പത്ത് said...

ഒന്ന് പറയാന്‍ മറന്നു ചിരുതപ്പുഴയും എന്റെ ഭാവനയാണ്

Vp Ahmed said...

വൈകാരികമായ ഒരു സൃഷ്ടി, മനസ്സില്‍ തങ്ങിയിട്ടുണ്ട്.
ആശംസകള്‍

സുസ്മേഷ് ചന്ത്രോത്ത് said...

കഥ വായിച്ചു.ആശംസകള്‍...

മുസ്തഫ പെരുമ്പറമ്പത്ത് said...

ഈ ആശംസകള്‍ ഞാന്‍ അംഗീകാരമായി എടുത്തോട്ടെ....!!

പ്രഭന്‍ ക്യഷ്ണന്‍ said...

കഥ ഇഷ്ട്ടപ്പെട്ടു.
ലളിതമായ രചനാ ശൈലികൊണ്ട് വളരെ മനോഹരമായെഴുതി.
നല്ലസ്യഷ്ട്ടികള്‍ഇനിയുമുണ്ടാവട്ടെ.
ആശംസകള്‍...!!

the man to walk with said...

ഉള്ളില്‍ തൊട്ടു വേദനിപ്പിച്ചു എഴുത്ത് .
ആശംസകള്‍

Fousia R said...

നന്നായി. ഓര്‍മ്മയില്‍ കഥ ബാക്കിയുണ്ട്

സിദ്ധീക്ക.. said...

വളരെ തന്മയത്വത്തോടെ നന്നായി പറഞ്ഞു ഭായ് ..വീണ്ടും പ്രതീക്ഷിക്കാമെല്ലോ!

അസിന്‍ said...

ഹൃദയസ്പര്‍ശിയായിരിയ്ക്കുന്നു,.... സ്നേഹാശംസകള്‍ .... നന്ദി...

മുസ്തഫ പെരുമ്പറമ്പത്ത് said...

നന്ദി...!
തീര്‍ച്ചയായും വീണ്ടും പ്രതീക്ഷിക്കാം.....!

Sandeep.A.K said...

വളരെ നന്നായിരിക്കുന്നു കഥ.. ഇഷ്ടമായി.. ഒരു ദുരിതജീവിതത്തിന്റെ ചിത്രം ഭംഗിയായി ചിത്രികരിച്ചിരിക്കുന്നു.. അതിനെ നല്ലൊരു ഫ്രെമില്‍ കുടിയിരുത്താനും കഴിഞ്ഞു.. മെയിന്‍ ത്രെഡില്‍ നിന്നും അല്പം വ്യതിചലിച്ചു എന്ന് തോന്നി ഇടക്കെപ്പോഴോ.. എങ്കിലും അതത്ര കാര്യമാക്കാതെ വീണ്ടും കഥ തുടര്‍ന്നു..

ചില രസക്കേടുകള്‍ :
"പിതൃത്വത്തിന്റെ അവകാശം ആരെന്നു പറഞ്ഞ് കൊടുക്കാന്‍
കഴിയാത്ത ഒരു സന്താനത്തിന് ജന്മം നല്‍കി" - ഈ വാചകത്തിലെന്തോ അപാകതയില്ലെ..

"ചിതല് കയറി തുരുമ്പെടുത്ത തോണിയില്‍ " - ഈ വിശേഷണങ്ങള്‍ വൈരുദ്ധ്യാത്മകമല്ലേ..??

കണ്ണില്‍ പെട്ട അക്ഷര തെറ്റുകള്‍ :

ചുറ്റും കമ്മ്യൂണിസ്റ്റ്‌ പച്ചയും ശീമകൊന്നയും നീലൂരിയും തഴച്ചു വളര്‍ന്നു നില്‍കുന്ന റോഡു 'വാക്കിലെ'

പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു 'തരാം'
"ആഗ്യം"
- ഈ അക്ഷര തെറ്റ് മാറ്റൂ..

അല്പം കൂടി ശ്രദ്ധിച്ച് കഥ പോസ്ടാന്‍ അഭിപ്രായപെടുന്നു.. അക്ഷരങ്ങള്‍ വികലമാവാതെ സൂക്ഷിക്കൂ.. അവസാനത്തെ രണ്ടു ചിത്രങ്ങള്‍ കുറെ കഥകള്‍ പറയുന്നു... ഇഷ്ടമായി...

മുസ്തഫ പെരുമ്പറമ്പത്ത് said...

എടുത്തു പറഞ്ഞ തെറ്റുകള്‍ ഉടനെ മാറ്റുന്നതായിരിക്കും..
ആതാമാര്തമായ അഭിപ്രായത്തിനു പ്രത്യേകം നന്ദി പറയുന്നു....
തുടര്‍ന്നും സന്ദര്‍ശനം ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു...

ചീരാമുളക് said...

പല തവണ താങ്കളുടെ എഴുത്ത് വായിച്ചിട്ട്ടുണ്ടിങ്കിലും ഒരു അഭിപ്രായം പറയുന്നതിതാദ്യം. ഇത് കഥയോ കാര്യമോ? ഇതിലും നന്നായി എഴുതാന്‍ കഴിയുന്ന ആളല്ലേ? എന്തു പറ്റി? രണ്ടു തവണ പ്രസിദ്ധീകരിച്ചതാണെങ്കിലും ഒന്നു കൂടി ഊതിക്കാച്ചിയാലെന്താ? എന്തോ ഒരപൂര്‍ണ്ണത തോന്നുന്നു. മറ്റ് സ്രുഷ്ടികളുടെ "ആ ഇത്" ഇല്ല. സോറി, തോന്നിയത് പറഞ്ഞതാണ്. വിമര്‍ശനം വളമാക്കൂ.

മുസ്തഫ പെരുമ്പറമ്പത്ത് said...

വിമര്‍ശനങ്ങളെ തീര്‍ച്ചയായും വളമായി സ്വീകരിക്കും...
തുര്ടര്‍ന്നുള്ള കഥകളില്‍ പ്രതീക്ഷിക്കാം
തുറന്ന അഭിപ്രായത്തിനു നന്ദി...!

Anonymous said...

കഥ നന്നായിരിക്കുന്നു... പക്ഷെ കഥയുടെ ഒഴുക്ക് നഷ്ടപെടുന്നത് കഥാപാത്രത്തില്‍ നിന്ന് കഥാകൃത്തിലേക്ക് കഥ വഴി മാറുന്നത് കൊണ്ടാണ്... എന്നാല്‍ പോറല്‍ ഏല്‍ക്കാത്ത വിധം മനോഹരമായി കഥാപാത്രത്തിലേക്ക് മടങ്ങി വരാനും കഥ അവസാനിപ്പിക്കാനും താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു...
പിന്നെ ഒരു രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തലായത് കൊണ്ടാണെന്ന് തോന്നുന്നു ചിലര്‍ക്ക് അരുചി എന്ന് ഞാന്‍ തുറന്നു പറയട്ടെ...
ഇത് പോലെ ഇനിയും കഥകള്‍ എഴുതുക...!
വി.കെ.അനില്‍ - മതിലകം

മുസ്തഫ പെരുമ്പറമ്പത്ത് said...

പ്രിയ സുഹൃത്തേ,
താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു... പക്ഷെ ഇതില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ ഞാന്‍ ഒരു രാഷ്ട്രീയ പാര്ട്ടിയുടെയും വക്താവല്ല.. വായനാശീലവും ഭാഷാപരിജ്ഞാനവും ഉള്ളവരുടെ അരുചി രാഷ്ട്രീയ വല്കരിക്കുന്നതിനോടു ഞാന്‍ വിയോചിക്കുന്നു....
സന്ദര്‍ശനവും അഭിപ്രായവും വീണ്ടും തുടരുക...!

ManzoorAluvila said...

വിപ്ളവ രാഷ്ട്രിയ മഹാരഥന്മാർ കുടുംബം മറന്ന് നാടിനേ സേവിച്ചതിന്റെ രക്ത സാക്ഷികളിൽ ഒരാളയ റാഹേലമ്മ ഹൃദയഹാരിയായ ഒരു ഏട്..നന്നായ് എഴുതി..എല്ല ആശംസകളും.

Salam said...

അവതരണ മികവ് കൊണ്ടും പ്രമേയം കൊണ്ടും ഏറെ മികവ് പുലര്‍ത്തിയ ഇക്കഥ ഒത്തിരി ഇഷ്ടമായി.

നിശാസുരഭി said...

നന്നായിട്ടുണ്ട്. യാഥാര്‍ത്ഥ്യമാണെങ്കിലും അല്ലെങ്കിലും വൃത്തിയായ് പറഞ്ഞു.

പത്രപ്രവര്‍ത്തകന് അക്ഷരത്തെറ്റുകള്‍ ഭൂഷണമല്ല :)

അനശ്വര said...

നല്ല കഥ..ending ഒക്കെ വളരെ ഹ്റ്ദയ സ്പറ്ശിയായിരുന്നു...
പക്ഷെ, തുടക്കമൊന്നും അത്റ മനോഹരമായില്ലാ ട്ടൊ..റാഹേലമ്മയിലേക്ക് വായനക്കാറ്ക്ക് പെട്ടെന്ന് കടന്ന് വരാന്‍ കഴിയാത്തത് പോലെ തോന്നിച്ചു. അവസാനിക്കുമ്പൊ റാഹേലമ്മയുടെ ഒറ്റപ്പെടലിന്റെ വേദന വായനക്കാരിയായ എന്നിലേക്കും പകറ്ന്ന് നല്‍കിയത് പോലെ...

നിതിന്‍‌ said...

ആശംസകൾ...

മുസ്തഫ പെരുമ്പറമ്പത്ത് said...

അഭിപ്രായങ്ങള്‍ക്ക് നന്ദി...! എഴുതി തുടങ്ങിയിട്ടല്ലേ ഉള്ളൂ.... അക്ഷര തെറ്റുകള്‍ സദയം ക്ഷമിക്കുകയും അഭിപ്രായങ്ങളില്‍ എടുത്ത്‌ കാണിക്കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു...!

faisalbabu said...

ഒരിക്കല്‍ ഇവിടെ വന്നതാ അപ്പോള്‍ ആ ഇറ്റാലിക്സും ബോല്ടും കണ്ട് മടങ്ങി പ്പോയി
ഇപ്പോള്‍ നല്ല ഒഴുക്കൊടെ വായിക്കാന്‍ സുഖം തോന്നി ..

കഥയെ ക്കുറിച്ച് : ഇഷ്ടായി-നന്നായി

BINOY said...

KADA VAAYICHU NANNAYITTUNDE.......RAHELAMMA ELLAVARUDEYUM MANASIL THATTUM ENNURAPPE. ENIYUM NALLA KADAKAL PRATHIKSHIKUNNU........

നികു കേച്ചേരി said...

അവിടേയും പറഞ്ഞു..ഇവിടേയും പറഞ്ഞു... എന്നാൽ പറയേണ്ടിടത്ത് പറഞ്ഞോ എന്നൊരു സംശയം ബാക്കി...
എന്റൊരു തോന്നൽ പറഞ്ഞതാണ്‌ട്ടാ...
ആശംസകൾ.

പള്ളിക്കരയില്‍ said...

കഥ ആറ്റിക്കുറുക്കിയ രീതി ഇഷ്ടപ്പെട്ടു. കുറുക്കം കുറച്ച് കൂടിയോ എന്ന് സംശയം. ആശംസകൾ.

adboy said...

വളരെ നന്നായി. ആശംസകൾ...

ആസാദ്‌ said...

അക്ഷരങ്ങളില്‍ റാഹേലമ്മ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.. അവരുടെ നോവും..

മുസ്തഫ പെരുമ്പറമ്പത്ത് said...

റാഹേലമ്മയുടെ നോവും നൊമ്പരവും തിരിച്ചറിഞ്ഞു അഭിപ്രായങ്ങള്‍ കുറിച്ചതിന് നന്ദി...!

ഒരു യാത്രികന്‍ said...

നല്ല കഥ. ഇഷ്ടമായി....സസ്നേഹം

ente lokam said...

Mustafa:-very good..Ashamsakal..

ente lokam said...

Mustafa:-very good..Ashamsakal..

Anonymous said...

valare nannaittund
iniyum ithupolulla kadakal ezhuthuvanum nammalkk vaikkuvanum sarwa shakthan anugrahikkatte
ellavida aashamsakalum