Friday, 23 September 2016

അഭയംഞ്ചാവൂരില്‍ നിന്ന് സരസ്വതിയക്കയെ കല്ല്യാണംകഴിച്ച് പിള്ളചേട്ടന്‍ ഈ അതിര്‍ത്തിഗ്രാമത്തില്‍ വന്ന് താമസം തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.. അതില്‍ മൂന്ന് പെണ്മക്കളുണ്ടാവുകയും, മൂവരേയും വളര്‍ത്തി വലുതാക്കി തഞ്ചാവൂരിലേക്ക് തന്നെ കെട്ടിച്ചയക്കുകയും ചെയ്തു.. ഉപജീവനത്തിനായുള്ള ഏക ആശ്രയം അന്നുമിന്നും ദേശീയ പാതയുടെ വിശാലമായ ഓരത്തുള്ള മാരിയമ്മന്‍കോവിലിനു അഭിമുഖമായി നില്‍ക്കുന്ന സ്വവസതിയോടുചേര്‍ന്ന ഈ കലൈമകള്‍ ഹോട്ടല്‍ തന്നെ.  ലോറി ഡ്രൈവര്‍മാരുടെയും ദീര്‍ഘദൂരസഞ്ചാരികളുടെയും യാത്രമദ്ധ്യേഉള്ള ഇഷ്ടതാവളമാണിതെങ്കിലും ആഴ്ചചന്തയുള്ള ദിവസം  കച്ചവടം ബഹുകേമം തന്നെയാണ്...  


നിനച്ചിരിക്കാതെവന്ന വേനല്‍മഴയും കാറ്റും ഇന്നത്തെ ആഴ്ച്ചചന്തയിലെ ആരവങ്ങള്‍ കെടുത്തികളഞ്ഞപ്പോള്‍ കരുതിവെച്ചഭക്ഷണങ്ങളെയും മേശവലിപ്പിലെ ചില്ലറതുട്ടുകളെയും നോക്കി അയാള്‍ വെറുതെ നെടുവീര്‍പ്പിട്ടുകൊണ്ട് ഇരുന്നു... ഊര്‍ദ്ധ്വന്‍വലിക്കുന്ന പെട്രോമാക്സിന്‍റെ വെട്ടം കരിപിടിച്ച ചുമരുകളില്‍ വെറുങ്ങലിച്ച നിഴലുകള്‍ തീര്‍ക്കുന്നുണ്ടായിരുന്നു... 


വട്ടിക്കാരന്‍ ചെട്ടിയാരുടെ കുടിശ്ശിക അടക്കേണ്ട ദിവസമാണ് ഇന്നെന്ന് ഓര്‍മ്മപെടുത്തിക്കൊണ്ട് ഭാര്യ സരസ്വതിയക്ക അടുക്കളയിലെ പാത്രങ്ങളുമായി കലപില കൂട്ടാന്‍ തുടങ്ങി... പുറത്തെ മഴനനഞ്ഞ ഇരിട്ടിലൂടെ തുരുമ്പെടുത്ത ടിവിഎസ് ലൂണയില്‍ അലക്കി തേച്ച ഖദര്‍വസ്ത്രവും ധരിച്ചു വരുന്ന ചെട്ടിയാരെയും റാക്കിന്‍റെ  നാറ്റമുള്ള പുളിച്ച തെറിയെയും  കുറിച്ച് ഓര്‍ത്തപ്പോള്‍ വേവലാതി കൊണ്ട് അറിയാതെ അയാള്‍ പെട്രോമാക്സിനു കാറ്റടിക്കുകയും അത് ഒരു സീല്‍ക്കാരത്തോടെ തെളിഞ്ഞു കത്തുകയും ചെയ്തു. നിറഞ്ഞ വെളിച്ചത്തില്‍ ചുമരില്‍ തൂക്കിയിട്ട ചെട്ടിയാരുടെ തന്നെ ഉടമസ്ഥതയില്‍ ഉള്ള ആര്‍.കെ.ചെട്ടിയാര്‍ ടിമ്പര്‍മില്ലിന്‍റെ ബഹുവര്‍ണ്ണ കലണ്ടറിലെ കഴുകന്‍ചിത്രം പിള്ളചേട്ടനെ തന്നെ സദാ തുറിച്ചുനോക്കി കൊണ്ടിരുന്നു...
തീയണഞ്ഞു പോവാറായ സമോവറില്‍ കരിനിറച്ച് വെള്ളത്തിന്‌ ചൂട് പകരുമ്പോള്‍ “സൂടാഹെ ഒരു ടീ കൊടുങ്കള്‍” എന്ന സുപരിചിത ശബ്ദത്തിന്‍റെ ഉറവിടത്തെ അയാള്‍ പുറത്തെ നിഴല്‍രൂപങ്ങള്‍ക്കിടയില്‍ തിരഞ്ഞു... അപ്പോഴും പയ്യാരം പറഞ്ഞുകൊണ്ടിരുന്ന മഴയെ ശകാരിച്ച് തലയിലെ കുട്ടയുടെ ഭാരം തിണ്ണയില്‍ ഇറക്കിവെച്ച് നനഞ്ഞ ചേലപിഴിഞ്ഞ് കുടഞ്ഞ് ലക്ഷ്മിയക്ക കടയിലേക്ക് കയറി...    


“വാങ്കമ്മാ, എപ്പടിയിരിക്കീങ്കെ? കടപക്കം പാത്തേ റൊമ്പനാളായിട്ച്ച്.. വെളിയൂര്പോയിരുന്നീങ്കളാമാ?” എന്ന അയാളുടെ ചോദ്യത്തിന് “ഇല്ലീങ്കയ്യാ..” എന്ന് വ്യസനത്തോടെ മൊഴിഞ്ഞ്  ഇരിപ്പുറപ്പിച്ച് നിറഞ്ഞ കണ്ണുകളെ നനഞ്ഞ ചേലതലപ്പു  കൊണ്ടു തുടച്ച് “..........കണവര് കാലമായിട്ടാര്” എന്നു മുഴുമിപ്പിച്ചു...

ഭര്‍തൃവിയോഗത്തിന്‍റെ   വേദനകൂട്ടാന്‍ താല്പര്യമില്ലാത്തതിനാല്‍ പിള്ളചേട്ടന്‍ മറുത്തൊന്നും ചോദിക്കാന്‍ നിന്നില്ല. 


ആവശ്യപ്പെട്ട ചൂടുള്ള ചായ അവര്‍ രണ്ടുകൈകള്‍ക്കുള്ളില്‍ ഒതുക്കി ഊതി കുടിക്കുമ്പോഴും വിറച്ചുകൊണ്ടിരിക്കുന്നത് പിള്ളചേട്ടന്‍ കൌതുകത്തോടെ നോക്കിനിന്നു.. രസക്കാഴ്ച്ചയുടെ ഇടയില്‍ ഒരു മറതീര്‍ത്തുകൊണ്ട് സരസ്വതിയക്ക “ഉങ്ക സേല നനഞ്ചിരുക്ക്... ഉള്ള വന്നീങ്കനാ; മാറ്റത്തുണി നാന്‍ തരേന്‍...” എന്നുപറഞ്ഞ് അവരെ വീടിനുള്ളിലേക്ക് കൂട്ടികൊണ്ട്പോവുമ്പോള്‍ ഭര്‍ത്താവിന്‍റെ നോട്ടത്തിനെതിരെയുള്ള അതൃപ്തി ആ മുഖത്ത് പ്രകടമായിരുന്നു... അയാളുടെ മുറിവേറ്റ മനസ്സിന്‍റെ പ്രതീകമെന്നോണം പെട്രോമാക്സിനെ വട്ടമിട്ടു പറന്നുകൊണ്ടിരുന്ന തീപൊള്ളലേറ്റ ഒരു പാറ്റ മേശയില്‍ കിടന്നുപിടഞ്ഞു.....

ഭാര്യ കൊടുത്ത ചേലയില്‍  അവരുടെ പ്രായം തെല്ലു കുറഞ്ഞത് പോലെ അയാള്‍ക്ക് തോന്നി... വേണ്ടാത്ത ചിന്തകളുടെ കടിഞ്ഞാണ്‍ പൊട്ടിച്ചുള്ള കുളമ്പടി ശ്വാസഗതിയെ ബാധിച്ചപ്പോള്‍ മാരിയമ്മനുപാസകനായ അയാള്‍ കോവിലിനു നേരെതിരിഞ്ഞുകൊണ്ട് ഭക്ത്യാദരവോടെ കൈകൂപ്പിതൊഴുതു... പിന്നെ ആ തൊഴുകയ്യോടെ എതിരേല്‍ക്കേണ്ടി വന്നത് വട്ടിക്കാരന്‍ ചെട്ടിയാരെയായിരുന്നു; കീറിയ മഴക്കോട്ടിനുള്ളില്‍ കലണ്ടറിലെ കഴുകനെ പോലെയുള്ള ഭാവത്തില്‍ തലയൊന്നു വെട്ടിച്ച് തുറിച്ചു നോക്കികൊണ്ട്‌ മേശവലിപ്പ് തുറന്നു... ”ഇന്നേക്ക് പണം കൈക്ക് വരണംന്ന് സൊല്ലിയിരുന്നേനെ.....?” എന്ന ചെട്ടിയാരുടെ ചോദ്യത്തിനു നിസ്സഹായതയുടെ പ്രതിരൂപമായി ഒന്നും പറയാനാവാതെ പിള്ളച്ചേട്ടന്‍ നോക്കി നിന്നപ്പോള്‍...മളവരുംന്ന് തെരിയാമെ സമച്ചിട്ടെ, അപ്പടിയേ ഇരുക്ക്... എല്ലാം മീതായിടുംന്ന് നിനക്കിറേന്‍” എന്നു സരസ്വതിയക്ക വാതില്‍പടിയില്‍ വന്നു നിന്ന് മൊഴിഞ്ഞു...   

  ലക്ഷ്മിയക്കയെയും സരസ്വതിയക്കയെയും ചെട്ടിയാര്‍ അപ്പോഴാണ് ശ്രദ്ദിച്ചത്; അവരെ മാറിമാറിനോക്കി “പാക്ക,രട്ടപ്പിറവിമാതിരിയിരുക്കിറൂങ്കിളെ; യാര്ന്ത പൊണ്ണുങ്ക..?” എന്ന ചോദ്യത്തിന് അവര്‍ ഇരട്ടയോ ബന്ധുവോ ഒന്നുമല്ല ആഴ്ചചന്തയില്‍ സ്ഥിരമായി കച്ചവടത്തിന് വരാറുള്ളതാണെന്നും  തിരിച്ചു പോവാന്‍ ഇന്ന് വണ്ടി കിട്ടാത്തത് കൊണ്ട് കടയില്‍ കയറി വന്നതാണെന്നും ഒറ്റ ശ്വാസത്തില്‍ പിള്ളചേട്ടന്‍ പറഞ്ഞൊപ്പിച്ചു... മുഖത്തെ രൌദ്ര ഭാവം വെടിഞ്ഞ് ദ്വയാര്‍ത്ഥ പദപ്രയോഗങ്ങളിലൂടെ ലക്ഷ്മിയക്കയുമായി ശൃംഗരിക്കാനായി പിന്നെ ചെട്ടിയാരുടെ ശ്രമം..  പാഴ്ശ്രമങ്ങളുടെ പരിസമാപ്തിയില്‍ പരാജിതനായി നാളെ വരാം എന്നു പറഞ്ഞു തന്‍റെ ടിവിഎസ് ലൂണയില്‍ കയറുമ്പോള്‍ “കൊടുത്തതെല്ലാം കൊടുത്താന്‍...

അവന്‍ യാര്ക്കാക കൊടുത്താന്‍...

ഒരുത്തരുക്കാ കൊടുത്താന്‍...

ഇല്ലൈ ഊരുക്കാക കൊടുത്താന്‍...” എന്ന എംജിആര്‍ പടത്തിലെ പാട്ട് പാടി കൊണ്ടിരുന്നു... എതിരെ വന്നു പാര്‍ക്ക് ചെയ്ത ലോറിയുടെ ഡ്രൈവറും കിളിയും ചേര്‍ന്ന് ആ പാട്ട് ഏറ്റു പിടിച്ചുകൊണ്ട് കടയിലേക്ക് കയറി “പടൈത്തവന്‍മേല്‍ പഴിയും ഇല്ലൈ... 
പശിത്തവന്‍മേല്‍ പാവം ഇല്ലൈ....”  അവരെ സ്വീകരിച്ചിരുത്തുമ്പോള്‍തന്നെ പതിവ് ചോദ്യം അവരിലോരാള്‍ ആവര്‍ത്തിച്ചു

“സാപ്പിട എന്നാ ഇരുക്ക്‌; സൈവമാ .... അസൈവമാ ?”

നാളിതുവരെ പച്ചക്കറിയല്ലാതെ യാതൊന്നും വെച്ചുവിളമ്പിയിട്ടില്ലാത്ത തന്‍റെ ഹോട്ടലില്‍ മാംസാഹാരം ഒന്നും തന്നെ ഇല്ലെന്ന് തെല്ലു നീരസത്തോടെയാണ് പിള്ളച്ചേട്ടന്‍ അവരോടു പറഞ്ഞത്....

ഇടംകണ്ണിട്ട്‌ ലക്ഷ്മി അക്കയെ നോക്കി “സെരി, ഇരുക്കിറത് വെച്ച് സമാലിക്കലാം” എന്ന് പറഞ്ഞ് ഡ്രൈവര്‍ കിളിക്ക് നേരെ തിരിഞ്ഞു  കണ്ണിറുക്കി...

“തലയില് മല്ലിക പൂ ഇല്ലയെ.. ” എന്ന കിളിയുടെ സന്ദേഹത്തിന്  “പൂവാസം അടിക്ക്റ ഉടമ്പില് പൂ എതുക്ക്‌ തമ്പി” എന്നു മറുപടി കൊടുത്ത് കൊണ്ട് ഡ്രൈവര്‍ കുലുങ്ങി ചിരിച്ചു...  നൊമ്പരമുളവാക്കുന്ന പരിഹാസങ്ങളില്‍ മനംനൊന്ത് അവരെ ഈര്‍ഷ്യയോടെ നോക്കി ചേലവലിച്ചു പുതച്ച് ലക്ഷ്മിയക്ക ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് സമോവറിനു അടുത്ത് ചെന്ന്നിന്നു..

“തലക്ക് കോപം പൊത്തുക്കിട്ട് വരുതേ പാരടാ” എന്നു പറഞ്ഞു അവര്‍ക്ക് അപ്പോഴും വിടാനുള്ള ഭാവം ഉണ്ടായിരുന്നില്ല...

ദയവു ചെയ്ത് അവരെ ഉപദ്രവിക്കരുത് എന്നും അവരെ വെറുതെ വിടണമെന്നും ചെട്ടിയാരോട് പറഞ്ഞ അതേ കഥ തന്നെ പിള്ളച്ചേട്ടന്‍ അവരോടും ആവര്‍ത്തിച്ചത് കേട്ടിട്ടാവണം  “എന്നങ്കെ, കൊഞ്ചം ഇങ്ക വരേലുമാ” എന്ന് ഭാര്യ അകത്ത് നിന്ന് വിളിച്ചത്..

ആവശ്യമില്ലാതെ അവുരുമായി സംസാരിക്കാന്‍ പോവേണ്ട എന്നും എത്രയും പെട്ടെന്ന് ലക്ഷ്മിയക്കയെ പറഞ്ഞുവിട്ടില്ലെങ്കില്‍ ആപത്താണ് എന്നും സ്ത്രീ സഹജമായ സംശയങ്ങള്‍   അവര്‍ ഉണര്‍ത്തിച്ചു...

“ഇന്ത നെലമയില് എപ്പടി പോവ ചൊല്ലതെടീ......” എന്ന് പിള്ളച്ചേട്ടന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുന്നെ “ഉങ്ക പാസമും പാര്‍വയും തെളിവാ പുരിയിത്... നാന്‍ വെളിയെ പോറേന്‍, അവളെ കൂട്ടി പക്കത്തിലെ പടുക്ക വെച്ചുക്കോങ്കെ......” എന്ന് കോപത്തോടെ പറഞ്ഞു കൊണ്ട് സരസ്വതിയക്ക കഴുകിവെച്ച പാത്രങ്ങള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അടക്കിവെച്ചു...

 എന്ത് പറയണമെന്നറിയാതെ പുറത്ത് കടക്കുമ്പോള്‍ ലക്ഷ്മിയക്ക പിള്ളച്ചേട്ടനെ തന്നെ നോക്കുന്നുണ്ടായിരുന്നു.... കഴിച്ചപാത്രം തുടച്ചുനക്കികൊണ്ടുള്ള ഡ്രൈവറുടെ  പരിഹാസചിരിയും കൂടിയായപ്പോള്‍ അയാളുടെ ഉള്ളൊന്നു പിടഞ്ഞു...


ഡ്രൈവര്‍ കൈകഴുകി ലക്ഷ്മിയക്കയുടെ ചേലതലപ്പില്‍ കയ്യും മുഖവും തുടച്ച് വണ്ടിയില്‍ കയറിയാല്‍ ഞാന്‍ നാട്ടിലെത്തിക്കാം എന്നു പറഞ്ഞ് കൈപിടിച്ചു വലിച്ചപ്പോള്‍ അവര്‍ കുതറിമാറി പിള്ളചേട്ടനെ മറഞ്ഞു നിന്നു... പിന്നെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലെ തള്ളിമാറ്റലിന്‍റെ ശക്തിയില്‍ പിള്ളചേട്ടന്‍റെ തല എവിടെയോ ഇടിച്ചു ബോധരഹിതനായി നിലംപതിച്ചു...  ഭര്‍ത്താവിന്‍റെ തലപൊക്കിയെടുത്ത് മടിയില്‍ കിടത്തി മുഖത്ത് വെള്ളം തെളിച്ചുകൊണ്ട്  സരസ്വതിയക്ക “സീക്ക്രം പോയിട്, ഉന്‍ മാനത്തോവ്ടെ എന്‍ കണവരുടെ ഉയിര് താന്‍ എനക്ക് മുഖ്യം..” എന്നു ലക്ഷ്മിയക്കയോട് ആക്രോശിച്ചു കൊണ്ട് കിതച്ചു...

മഴ നനഞ്ഞ ഇരുട്ടിലെ  വെറിപൂണ്ട ഭീകരതയിലേക്ക് ലക്ഷിമിയക്ക നിഴല്‍രൂപമാവുന്നത് ആലസ്യത്തില്‍ നിന്നുണര്‍ന്ന പിള്ളച്ചേട്ടന് നോക്കിയിരിക്കാനെ കഴിഞ്ഞുള്ളൂ...

 നിരപ്പലകകള്‍ അകത്ത് നിന്ന് അടുക്കിവെച്ച് താഴിട്ട്‌, പെട്രോമാക്സ് അണച്ച് വീട്ടിലേക്ക് കടന്ന് ആ വൃദ്ധദമ്പതികള്‍ കതകടക്കുമ്പോള്‍ ബഹുവര്‍ണ്ണ കലണ്ടറിലെ കഴുകന്‍ ചിത്രം ഇരുട്ടിലേക്ക് തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ...... 


ചിത്രീകരണം : കെ. സുധീഷ്‌ ( വാരാദ്യ മാധ്യമത്തിന്‌ വേണ്ടി വരച്ചത് )
                        അഭയം ഒക്ടോബര്‍ 2 ഞായര്‍ 2016 - ലെ വാരാദ്യ മാധ്യമത്തില്‍