Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, 25 July 2008

വെന്തു തീര്ന്നൊരു നാ‍ട്ടിലേക്ക്














ശാന്തിമന്ത്രം ഓതുവാനായ്
ശാന്തരായെന് കൂടെ വരിക
വെന്തു തീര്ന്നൊരു നാട്ടിലേക്ക്
കുന്തിരിക്കം പുകച്ചുപോകാം

നരന്റൊടുങ്ങാ പകക്ക് മുന്നില്‍
പാരിടമാകെ പകച്ചു നില്‍പ്പൂ
ചരിത്രമുറങ്ങുമാ മണ്ണിലിരുന്ന്
കരഞ്ഞു തീ‍ര്ക്കണോ ശിഷ്ട കാലം..?

കപടസ്നേഹം നടിച്ചൊടുക്കം; തോഴനെ
കപാലമില്ലാ ഉടലാക്കി മാറ്റും
കപോലകല്പിതമായുള്ള തന്‍ലോകത്ത്
കപോതവ്രതനല്ലീ‍ശനെന്നോര്ക്കുക.!

അക്കരപച്ചക്കായ് വെമ്പുംമനസ്സാല്‍
ഊക്ക് കാട്ടി പിടിച്ചടക്കീടും
ഒക്കാതെ വന്നാല്‍ തക്കം പാര്ത്ത്
ഒക്കും വിധേനെയും കൈക്കലാക്കീടും…

വികൃതാനുഭവത്തിനാവര്ത്തനങ്ങള്‍
തകൃതിയായ് അരങ്ങേറുന്നു കഷ്ടം
പ്രകൃതിയിലിനി കെടുതിയുണ്ടോ ബാക്കി
സുകൃതമില്ലാത്തയീ ജന്മങ്ങള്ക്കേകാന്‍…

കര്ണ്ണങ്ങളിലെന്നും ഘോരശബ്ദം
വര്ണ്ണം നശിച്ച സ്വപ്നങ്ങളും സ്വന്തം
വാര്ക്കാനിനി മിഴിനീരുമില്ല
ആര്ത്തനാദങ്ങളും അനാഥരും ബാക്കി...

ദുരമൂത്തുന്മാദത്താല്‍ നിങ്ങള്‍
ദുരിതം വിതച്ച് പോകുമ്പോള്‍
ദുരവസ്ത കണ്ടിട്ടും; നിങ്ങള്ക്ക്
ദുരാഗ്രഹം ശേഷിക്കുന്നുവോ..

പട്ടാംബരത്താല്‍ ചുറ്റുവാനോ; നിങ്ങള്ക്ക്
ചുട്ടുവെണ്ണീറായ് പറത്തുവാനോ – രാജ്യത്തെ
പട്ടയമെല്ലാമെടുത്ത് കൊള്ക! എങ്കിലും
പട്ടടയാക്കി മാറ്റരുതാ രാജ്യത്തെ…

നീതികഥയെഴുതാനൊരുങ്ങുകല്ല
നീതികേടുകണ്ടോ സഹിക്കവയ്യ
നീതിഞ്ജര്ക്കെന്റെ കൂടെ പോരാം
നീതിക്കായൊരു പടയൊരുക്കാം…

കരങ്ങളില്‍ പുരണ്ടോരുധിരം തുടച്ചാല്‍
പരിഹാരമാവുമോ പാപമുക്തി നേടാന്‍
കരളലിയുന്നുണ്ടെങ്കിലിനി…
കരം കോര്ത്തെന്റെ കൂടെ പോരാം…!

ഓര്‍ക്കുക! മ്ലേച്ചരെയൊതുക്കാനൊരുത്തന്‍
കല്‍ക്കിയായ്, യേശുവായ്, ഈസയായ്
പുനരവതരിച്ചിടുമന്ത്യഘട്ടത്തിലായ്
ദൈവഹിതം പോലുലകം ഭരിക്കാന്‍…!

Monday, 30 June 2008

ഒരു തീവ്രവാദിക്ക് പ്രണയിക്കാനാവുമോ…

സ്വന്തമല്ലാത്തവരെപ്പോലും
സ്വന്തബന്ധമെന്ന് കരുതീടേണം
എന്തുമതമേതു ജാതിയാണേലും
സ്വന്തമായ് നിനക്കാന് പണ്ടറിഞ്ഞു

ഭിന്നമാ‍ണിനി മതങ്ങളെല്ലാം
ഖിന്നരാവേണ്ട കാര്യമില്ല
അന്ന്യരായിനി വാണിടേണം
എന്നുള്ള വാര്‍ത്തയിന്നറിഞ്ഞു…

മിത്രമെന്ന് നിനച്ചിടാതെ
ശത്രുവെന്നോര്‍ത്തിടേണം
എത്രമേല് വെറുക്കാനാവുന്നുവോ
അത്രയും കേമനെന്നോര്‍മ്മ വേണം

നിരപരാധിയുടെ തലയറുക്കുവാനെന്‍
കരത്തിലാരോ വാളു നല്‍കി
അരിഞ്ഞുതള്ളുന്ന കൂട്ടത്തിലേക്ക്
കരഞ്ഞിരിക്കുന്ന എന്നെയുന്തി…

രുധിരം പടര്‍‌ന്നൊരീ മണ്ണിലിരിക്കെ
പതിയെവന്നെന്നെയാരു വിളിച്ചു
മതി നിന്റെയീ മന്ദഹാസം
ചതിച്ചു നിന്നെയും അരിഞ്ഞു വീഴ്ത്തും..!

അലിവില്ലെന്‍ ആത്മാവില്‍
അലിവോടെ നിന്നെ പ്രണയിക്കുവാന്‍
കലിയാണെന്റെയുള്ളില്‍
കലിതുള്ളി കാലം കഴിച്ചിടട്ടെ…!

നാണം കുണുങ്ങിയെന്‍ ചാരെയെത്തി
വീണമീട്ടുന്നതിനെന്തിനു നീ
കാണുന്നില്ലെ നീയെന്റെ കയ്യില്‍
നിണം പുരണ്ടൊരു നീണ്ടവാള്‍

താളം പിഴച്ചൊരീ ജീവിതത്തില്‍
മേളം പകരുന്നതെന്തിനു നീ
പാളം തെറ്റിയോടുന്ന വണ്ടി
ചൂളം വിളിച്ചിനിയെത്രയോടും

കരതലാമലകമെന്ന് നിനച്ചതെല്ലാം
വിരഹങ്ങള്‍ മാത്രം സമ്മാനിച്ചു
പരതുന്നു ഞാനിന്ന് മുക്തിക്കായ്
പരബ്രഹ്മ മാര്‍ഗ്ഗത്തിലിനി ശരണം…